image

21 Jun 2024 2:34 AM GMT

Aviation

ബെംഗളൂരുവില്‍ രണ്ടാം വിമാനത്താവളം; ചര്‍ച്ചകള്‍ ആരംഭിച്ച് സംസ്ഥാനം

MyFin Desk

bengaluru airport, proposal for feasibility report
X

Summary

  • കഴിഞ്ഞ വര്‍ഷം ബെംഗളൂരുവഴി യാത്രചെയ്തത് 37.5 ദശലക്ഷം യാത്രക്കാര്‍
  • യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ഗതാഗതത്തിലും വന്‍ വര്‍ധന പ്രതീക്ഷിച്ച് ടെക് നഗരം
  • 2033 വരെ നിലവിലുള്ള എയര്‍പോര്‍ട്ടിന് 150 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു വിമാനത്താവളം നിര്‍മ്മിക്കാന്‍ പാടില്ലെന്ന് കരാര്‍


അതിവേഗം വളരുന്ന ടെക് നഗരമായ ബെംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറി. ഇതുസംബന്ധിച്ച് കര്‍ണാടക ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന മന്ത്രി എം ബി പാട്ടീല്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി മഞ്ജുളയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പുതിയ വിമാനത്താവളത്തിന്റെ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഡെല്‍ഹിക്കും മുംബൈക്കും പിന്നാലെ രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് ബെംഗളൂരു. കഴിഞ്ഞ വര്‍ഷം വിമാനത്താവളം 37.5 ദശലക്ഷം യാത്രക്കാരും 400,000 ടണ്ണിലധികം ചരക്കുകളും കൈകാര്യം ചെയ്തു.

വരും വര്‍ഷങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ഗതാഗതത്തിലും പ്രതീക്ഷിക്കുന്ന വര്‍ധനവ് കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ രണ്ടാമത്തെ വിമാനത്താവളത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ദേവനഹള്ളി വിമാനത്താവളം സ്ഥാപിക്കുമ്പോള്‍ 2033 വരെ 150 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു വിമാനത്താവളവും സ്ഥാപിക്കാന്‍ പാടില്ലെന്നായിരുന്നു കരാര്‍ വ്യവസ്ഥ. കരാറിന് കീഴില്‍ ഒമ്പത് വര്‍ഷം ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി എടുത്തുപറഞ്ഞു.

നിലവിലെ വിമാനത്താവളം 2033 ഓടെ ഏറ്റവും ഉയര്‍ന്ന പാസഞ്ചര്‍ ഹാന്‍ഡ്ലിംഗ് കപ്പാസിറ്റിയിലും 2040 ഓടെ പരമാവധി ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാട്ടീല്‍ വിശദീകരിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനും ഗണ്യമായ സമയമെടുക്കുന്നതിനാല്‍, രണ്ടാമത്തെ വിമാനത്താവളത്തിന്റെ പണി ഉടന്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത പാട്ടീല്‍ എടുത്തു പറഞ്ഞു. ബെംഗളൂരുവിനപ്പുറം ഒരു വ്യാവസായിക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന് രണ്ടാമത്തെ വിമാനത്താവളം പ്രധാനവുമാണ്.