6 March 2025 9:17 AM IST
Summary
- നികുതി പൂര്‍ണമായും ഒഴിവാക്കുന്നത് ഇന്ത്യ പരിഗണിച്ചിട്ടില്ല
- നികുതി ഒഴിവാക്കുന്നത് ചൈനക്കായിരിക്കും ഗുണം ചെയ്യുക
- ഇന്ത്യയിലെ കമ്പനികളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും
കാര്‍ ഇറക്കുമതിയുടെ തീരുവ ഇന്ത്യ പൂര്‍ണമായും ഒഴിവാക്കണമെന്ന് യുഎസ് ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ടെസ്ല ഇന്ത്യയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് യുഎസിന്റെ താല്‍പ്പര്യം പുറത്തുവന്നത്. എന്നാല്‍ കൂടുതല്‍ വെട്ടിക്കുറവുകള്‍ പരിഗണിക്കുന്നുണ്ടെങ്കിലും നികുതി പൂര്‍ണമായും ഒഴിവാക്കുന്നത് ഇന്ത്യ പരിഗണിച്ചിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
ഇറക്കുമതി തീരുവ പൂര്‍ണമായി ഒഴിവാക്കുന്ന നടപടി രാജ്യം സ്വീകരിച്ചാല്‍ യുഎസിനേക്കാള്‍ അത് ഗുണം ചെയ്യുക ചൈനയ്ക്കായിരിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൂടാതെ ബെയ്ജിംഗിന് ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് തത്വത്തില്‍ യാതൊരു വിയോജിപ്പുകളും ഇല്ല. കൂടാതെ ബിവൈഡിപോലുള്ള ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് നികുതി വെട്ടിക്കുറയ്ക്കല്‍ അനുകൂലമാകുകയും ചെയ്യും.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി 110 ശതമാനം വരെ ഉയര്‍ന്നതാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കുകളില്‍ ഒന്നാണിതെന്ന് ടെസ്ല മേധാവി എലോണ്‍ മസ്‌ക് വിമര്‍ശിച്ചു. ഇക്കാരണത്താല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയില്‍ രണ്ടാം തവണയും പ്രവേശിക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് വാഹന ഭീമന്‍ ഉപേക്ഷിച്ചിരുന്നു.
ഇന്ത്യയുടെ ഉയര്‍ന്ന നികുതികള്‍ക്കെതിരെ ആവര്‍ത്തിച്ച് വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് ഇപ്പോള്‍ മസ്‌കിന് പിന്തുണ ലഭിച്ചു. രാജ്യത്തിന്റെ 100 ശതമാനത്തിലധികം വാഹന താരിഫുകള്‍ ഏര്‍പ്പെടുത്തിയതിനെ അദ്ദേഹം വിമര്‍ശിച്ചു. പരസ്പര നടപടിയെടുക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
'കൃഷി ഒഴികെയുള്ള മിക്ക മേഖലകളിലും ഇന്ത്യ താരിഫ് ഒഴിവാക്കുകയോ വളരെ കുറയ്ക്കുകയോ ചെയ്യണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്,'വിഷയത്തെപ്പറ്റി അറിയാവുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രാദേശിക വ്യവസായങ്ങളുമായി കൂടിയാലോചിച്ച ശേഷം താരിഫുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ്, ഇന്ത്യയുടെ വ്യാപാര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ ഇത് സംബന്ധിച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.കഴിഞ്ഞ മാസം ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, താരിഫ് നിരക്കുകള്‍ പരിഹരിക്കാനും 2025 അവസാനത്തോടെ ഒരു വ്യാപാര കരാറിനായി പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. 2030 ഓടെ 500 ബില്യണ്‍ ശതമാനം മൂല്യമുള്ള ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നു.
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെതിരെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഇത് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള നവീന മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് അവര്‍ പറഞ്ഞു.