12 March 2025 9:19 AM IST
Summary
- ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വളര്‍ത്തിയെടുക്കുക സന്ദര്‍ശന ലക്ഷ്യം
- ഇവി നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാന ചുവടുവെയ്‌പ്പെന്ന് യുകെ
ഇന്ത്യയിലെ ഇലക്ട്രിക് വാഹന സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ യുകെ. ഇതിന്റെ ഭാഗമായി യുകെയിലെ ഇലക്ട്രിക് വാഹന പ്രതിനിധി സംഘം കൊല്‍ക്കത്ത സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 2-, 3-വീലര്‍ ഇവി വിഭാഗങ്ങളില്‍, ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വളര്‍ത്തിയെടുക്കുക എന്നുള്ളതാണ് പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം.
ഇവി നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും പുതിയ പങ്കാളിത്തങ്ങള്‍ രൂപപ്പെടുത്തുന്നതിലും യുകെ പ്രതിനിധി സംഘത്തിന്റേത് ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് വടക്കുകിഴക്കന്‍ ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ആന്‍ഡ്രൂ ഫ്‌ലെമിംഗ് പറഞ്ഞു. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ, ഇരു രാജ്യങ്ങള്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ക്ലീന്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ധനസഹായം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇക്കാര്യം ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ സംഘടനയായ ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് കൗണ്‍സില്‍ (എഫ്ഐഡിസി ) ചൂണ്ടിക്കാട്ടുന്നു. വൈദ്യുത വാഹനങ്ങളുടെ പുനര്‍വില്‍പ്പന മൂല്യങ്ങളിലെ അനിശ്ചിതത്വം, ബാറ്ററി അപകടസാധ്യതകള്‍, സ്റ്റാന്‍ഡേര്‍ഡ് അസസ്മെന്റുകളുടെ അഭാവം എന്നിവ ഇവി വ്യവസായത്തിന് വെല്ലുവിളിയാണ്. കൂടാതെ പരിമിതമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഉയര്‍ന്ന മൂലധനച്ചെലവ് എന്നിവയും ഈ രംഗത്തെ ധനസഹായം കൂടുതല്‍ അപകടകരമാക്കുന്നുവെന്ന് എഫ്ഐഡിസി ചൂണ്ടിക്കാട്ടി.
പുതുക്കിപ്പണിത ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വ്യക്തതയില്ലാത്ത ഇന്‍ഷുറന്‍സ് പോളിസികളും ഇലക്ട്രിക് വാഹന ധനസഹായത്തെക്കുറിച്ചുള്ള ഉപഭോക്തൃ അവബോധക്കുറവും അധിക തടസങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
2030 ആകുമ്പോഴേക്കും 50 ബില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായം ഇവി മേഖലയ്ക്ക് ആവശ്യമുണ്ട്. അതിനായി മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് എഫ്‌ഐഡിസി ഊന്നിപ്പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ നെറ്റ്-സീറോ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അത് രാജ്യത്തെ സഹായിക്കും.
ബ്രിട്ടീഷ് ക്ലബ്ബില്‍ നടന്ന ഒരു സെഷനില്‍ യുകെ ഇവി പ്രതിനിധി സംഘം അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിച്ചു. ഇത് യുകെ ബിസിനസുകള്‍ക്ക് ഇന്ത്യയില്‍ ദീര്‍ഘകാല പങ്കാളിത്തം പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദി സൃഷ്ടിക്കുകയും ചെയ്തു.