4 Dec 2023 2:45 PM GMT
Summary
- ടൂ വീലര്‍ കയറ്റുമതി തുടര്‍ച്ചയായി ശക്തമായ സൂചനകളാണു കാണിക്കുന്നത്
- എസ്‌യുവികളുടെ വളര്‍ച്ച മാറ്റമില്ലാതെ തുടരുന്നു
ഇപ്രാവിശ്യം നവംബര്‍ മാസമാണു ദീപാവലി ആഘോഷിച്ചത്. ദീപാവലി സീസണ്‍ ടൂ വീലര്‍, എസ്‌യുവി വിപണികള്‍ക്ക് പൊതുവേ നല്ല കാലമാണ്. ഇപ്രാവിശ്യവും അതിനു മാറ്റം സംഭവിച്ചില്ല.
മൊത്തത്തിലുള്ള ഉത്സവ സീസണ്‍, റീട്ടെയില്‍ വശത്ത് നിന്ന് നോക്കുമ്പോള്‍ ടൂ വീലര്‍ വിഭാഗത്തില്‍ 15-20 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
വര്‍ഷാടിസ്ഥാനത്തില്‍ എല്ലാ കമ്പനികളും നവംബറില്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.
ടൂ വീലര്‍ വിപണിയില്‍ ശക്തമായ വീണ്ടെടുക്കലുണ്ടായി. എല്ലാ ടൂ വീലര്‍ കമ്പനികള്‍ക്കും വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വളര്‍ച്ച കൈവരിക്കാനായി. അതേസമയം, മാസാടിസ്ഥാനത്തില്‍ ഇടിവുണ്ടായി. 10 ശതമാനത്തിലധികം ഇടിവ് നേരിട്ടു.
ടൂ വീലര്‍ കയറ്റുമതി തുടര്‍ച്ചയായി പുരോഗതിയുടെ ശക്തമായ സൂചനകളാണു കാണിക്കുന്നത്. ബജാജ് ഓട്ടോയുടെ മോട്ടോര്‍ സൈക്കിള്‍ കയറ്റുമതി വിഭാഗത്തില്‍ 6 ശതമാനത്തിന്റെയും ടിവിഎസിന്റെ ടൂ വീലര്‍ കയറ്റുമതിയില്‍ 9.5 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായി.
പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍, എസ്‌യുവികളുടെ വളര്‍ച്ച മാറ്റമില്ലാതെ തുടരുന്നു.
കമേഴ്‌സ്യല്‍ വെഹിക്കിള്‍ വിഭാഗത്തില്‍ അശോക് ലെയ്‌ലാന്‍ഡും ടാറ്റാ മോട്ടോഴ്‌സും വില്‍പ്പനയില്‍ മാസാടിസ്ഥാനത്തില്‍ ഇടിവിനു സാക്ഷ്യം വഹിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെ സ്‌മോള്‍ കമേഴ്‌സ്യല്‍ വെഹിക്കിള്‍ വിഭാഗം വര്‍ഷാടിസ്ഥാനത്തില്‍ ഇടിവിനു സാക്ഷ്യം വഹിച്ചു.
ലൈറ്റ് കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് വര്‍ഷാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ച നേടി. അതേസമയം മാസാടിസ്ഥാനത്തില്‍ ട്രാക്ടറുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി.
കമ്പനികളുടെ പ്രകടനം
പാസഞ്ചര്‍ വെഹിക്കിളിന്റെ കാര്യമെടുത്താല്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 1.64 ലക്ഷം യൂണിറ്റുകളാണു വിറ്റത്. ആഭ്യന്തര വിപണികളിലെ മൊത്തം വില്‍പനയില്‍ 1.2 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ കയറ്റുമതിയില്‍ 16.3 ശതമാനം വളര്‍ച്ച നേടി.
മൊത്തം വില്‍പ്പന 3.4 ശതമാനം ഉയര്‍ന്നു. നവംബറില്‍ ചെറുകാറുകളുടെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവിനെ നേരിട്ടു. മാസാടിസ്ഥാനത്തിലും 31.6 ശതമാനം ഇടിഞ്ഞു. കോംപാക്ട് കാറുകളുടെ വില്‍പ്പന വര്‍ഷാടിസ്ഥാനത്തില്‍ 11.2 ശതമാനവും, മാസാടിസ്ഥാനത്തില്‍ 20 ശതമാനവും ഇടിഞ്ഞു. എന്നാല്‍ എസ്‌യുവി വിഭാഗം വര്‍ഷാടിസ്ഥാനത്തില്‍ 50.5 ശതമാനത്തിന്റെ വളര്‍ച്ച നേടി.
ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം വര്‍ഷാടിസ്ഥാനത്തില്‍ 2 ശതമാനത്തിന്റെയും മാസാടിസ്ഥാനത്തില്‍ 10.6 ശതമാനത്തിന്റെയും ഇടിവിനു സാക്ഷ്യം വഹിച്ചു.
മറുവശത്ത്, മഹീന്ദ്ര & മഹീന്ദ്രയുടെ എസ്‌യുവി വിഭാഗം ശക്തമായ മുന്നേറ്റം നടത്തി. വര്‍ഷാടിസ്ഥാനത്തില്‍ 32 ശതമാനത്തിന്റെ വളര്‍ച്ച നേടി. എന്നാല്‍ മാസാടിസ്ഥാനത്തില്‍ 8.5 ശതമാനം ഇടിഞ്ഞു.
ലൈറ്റ് കമേഴ്‌സ്യല്‍ വെഹിക്കിളിന്റെ വില്‍പ്പന വര്‍ഷാടിസ്ഥാനത്തില്‍ 13.4 ശതമാനം ഉയര്‍ന്നു. പക്ഷേ, മാസാടിസ്ഥാനത്തില്‍ 13.6 ശതമാനം ഇടിഞ്ഞു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ട്രാക്ടര്‍ ബിസിനസ് ആഭ്യന്തര വിപണിയില്‍ മാസാടിസ്ഥാനത്തില്‍ 37 ശതമാനത്തിന്റെ ഇടിവ് നേരിട്ടു. എന്നാല്‍ വര്‍ഷാടിസ്ഥാനത്തില്‍ 6.5 ശതമാനം വളര്‍ച്ച നേടി.
എസ്‌കോര്‍ട്ട്‌സ് കുബോട്ടയും സമാന പ്രവണത പ്രകടിപ്പിച്ചു. ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന മാസാടിസ്ഥാനത്തില്‍ 37 ശതമാനം ഇടിഞ്ഞപ്പോള്‍ വര്‍ഷാടിസ്ഥാനത്തില്‍ 6.7 ശതമാനം വളര്‍ച്ച നേടി.
നവംബറിലെ സാധാരണ മണ്‍സൂണും അകാല മഴയും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2023-24) ട്രാക്ടര്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചേക്കാം.
ടൂ വീലര്‍ വിഭാഗത്തില്‍ വര്‍ഷാടിസ്ഥാനത്തില്‍ ബജാജ് 77 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ ആഭ്യന്തര മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന മാസാടിസ്ഥാനത്തില്‍ 21.5 ശതമാനം ഇടിവിനെ നേരിട്ടു. മോട്ടോര്‍സൈക്കിളുകളുടെ കയറ്റുമതിയിലും വര്‍ഷാടിസ്ഥാനത്തില്‍ 5.9 ശതമാനം ഇടിവുണ്ടായി.
ടിവിഎസ് ടൂ വീലര്‍ വിഭാഗം 31.4 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. മോട്ടോര്‍ സൈക്കിള്‍ വിഭാഗം 19.2 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ സ്‌കൂട്ടര്‍ വിഭാഗം 62.2 ശതമാനം വാര്‍ഷിക വളര്‍ച്ചയാണു നേടിയത്. ടിവിഎസ്സിന്റെ മോപ്പഡ് വിഭാഗം 24.5 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. എന്നാല്‍ ത്രീ വീലര്‍ വിഭാഗം വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനത്തിന്റെയും മാസാടിസ്ഥാനത്തില്‍ 14 ശതമാനത്തിന്റെയും ഇടിവ് നേരിട്ടു.