3 April 2024 10:44 AM GMT
Summary
- ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് കമ്പനി ലക്ഷ്യം
- 7.73 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വരെയാണ് അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിന്റെ എക്സ്ഷോറൂം വില
- ടൊയോട്ട മോട്ടോര്‍ കമ്പനിയുടെയും കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ രാജ്യത്ത് കൂടുതല്‍ പ്രീമിയം മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വലിയ വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ പ്രിയം വര്‍ധിച്ചതാണ് കമ്പനിയുടെ ഈ തീരുമാനത്തിന് പിന്നില്‍. ഇന്നോവ, ഫോര്‍ച്യൂണര്‍ തുടങ്ങിയ മോഡലുകള്‍ വിപണിയിലെത്തിച്ച കമ്പനി ബുധനാഴ്ച എന്‍ട്രി ലെവല്‍ എസ്യുവി അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ അവതരിപ്പിച്ചു കൊണ്ട് രാജ്യത്തെ വാഹന ശ്രേണി വിപുലീകരിച്ചിരിക്കുകയാണ്.
വിപണിയിലെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ തദാഷി അസസുമ പറഞ്ഞു. രാജ്യത്തെ കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിനുകളുള്ള മോഡലുകളും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കള്‍ ചെറിയ കാറുകളില്‍ നിന്ന് വലിയ കാറുകളിലേക്ക് ക്രമേണ മാറുകയാണെന്നും പുതിയ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി പുതിയ നിര്‍മ്മാണ പ്ലാന്റിലൂടെ കമ്പനി ഉല്‍പ്പാദന ശേഷി വിപുലീകരിച്ചത് ഈ ലക്ഷ്യത്തിനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ബിഡദിയില്‍ ഒരു പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ (പദ്ധതി) പ്രഖ്യാപിച്ചിരുന്നു. പുതിയ പ്ലാന്റ് 2026-ല്‍ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' അസസുമ പറഞ്ഞു.
2024 സാമ്പത്തിക വര്‍ഷത്തില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വിഹിതം മൊത്ത മൊത്തവ്യാപാരത്തിന്റെ 50 ശതമാനമായി ഉയര്‍ന്നപ്പോള്‍ എന്‍ട്രി ലെവല്‍, സെഡാന്‍ എന്നിവയുടെ വിഹിതം അതേ കാലയളവില്‍ കുറഞ്ഞു.