28 Sep 2023 8:41 AM GMT
Summary
- വിന്‍ഫാസ്റ്റ് കാറുകള്‍ ടെസ്ലയ്ക്ക് പകരം താങ്ങാനാവുന്ന ബദലായി കണക്കാക്കപ്പെടുന്നു
- കമ്പനിയുടെ ആദ്യ യുഎസ് പ്ലാന്റ് നോര്‍ത്ത് കരോലിനയില്‍
ടെസ്ലയുടെ എതിരാളിയാകാന്‍ പദ്ധതിയൊരുക്കുന്ന ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഓട്ടോ ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍, ഇന്ത്യയില്‍ ഒരു നിര്‍മ്മാണ തുടങ്ങുന്ന ആദ്യത്തെ വിയറ്റ്‌നാം വാഹന നിര്‍മ്മാതാക്കളായിരിക്കും ഇത്. കഴിഞ്ഞ മാസം ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കാര്‍ നിര്‍മ്മാതാക്കളായി കമ്പനി ഉയര്‍ന്നിരുന്നു.
തമിഴ്നാടും ഗുജറാത്തുംപോലെ നിക്ഷേപ സാധ്യതയുള്ള സ്ഥലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് സ്ഥാപനം വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. നിക്ഷേപം പ്രാധാന്യമുള്ളതായിരിക്കാം. എന്നിരുന്നാലും, വിന്‍ഫാസ്റ്റ് ലക്ഷ്യമിടുന്നത് കയറ്റുമതിയാണോ അതോ ഇ്ന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ടുള്ളതാണോ എന്ന് വ്യക്തമല്ല.
ഓഗസ്റ്റില്‍ ടെസ്ലയെയും ടൊയോട്ടയെയും മാത്രം പിന്നിലാക്കി വിന്‍ഫാസ്റ്റ് ഓട്ടോ, മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാവായി.
നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം അതിന്റെ ഓഹരികള്‍ 700 ശതമാനം ഉയര്‍ന്നു. ലിസ്റ്റിംഗിന് ശേഷം, വിന്‍ഫാസ്റ്റ് ഓട്ടോയുടെ മൂല്യം 19100 കോടി ഡോളറായിരുന്നു.
നാസ്ഡാക്ക് ഡാറ്റ പ്രകാരം കമ്പനിയുടെ ഓഹരികളില്‍ ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്. നിലവിലെ വിപണി മൂലധനം 2570 കോടി ഡോളറായി കുറഞ്ഞു.
2024 മുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള പുതിയ മാര്‍ക്കറ്റ് ക്ലസ്റ്ററുകളില്‍ ഡീലര്‍ഷിപ്പ് ശൃംഖലകള്‍ വിപുലീകരിക്കുന്നത് പരിഗണിക്കുന്നതായി കമ്പനി രണ്ടാം പാദ വരുമാന പ്രഖ്യാപന വേളയില്‍ വെളിപ്പെടുത്തിയിരുന്നു.
എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി മത്സരിക്കാന്‍ വിന്‍ഫാസ്റ്റ് വന്‍ പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ടു പറയുന്നു . യുഎസില്‍ ടെസ്ലയുടെ വിപണിവിഹിതം 50 ശതമാനത്തിലധികമാണ്.
കഴിഞ്ഞ വര്‍ഷം വിന്‍ഫാസ്റ്റ് വിറ്റത് 7,400 കാറുകളാണെങ്കിലും, വിയറ്റ്‌നാമിന് പുറത്തേക്ക് വികസിക്കുന്നതിനാല്‍ ഈ വര്‍ഷം വില്‍പ്പന 40,000 മുതല്‍ 50,000 വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂലൈ 28 ന്, വിന്‍ഫാസ്റ്റ് അതിന്റെ ആദ്യത്തെ അമേരിക്കന്‍ ഫാക്ടറി നോര്‍ത്ത് കരോലിനയില്‍ ഉദ്ഘാടനം ചെയ്തു. പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി അതിന്റെ പ്രാരംഭ ഘട്ടത്തില്‍ 150,000 വാഹനങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിന്‍ഫാസ്റ്റ് കാറുകള്‍ ടെസ്ലയ്ക്ക് താങ്ങാനാവുന്ന ബദലായി കണക്കാക്കപ്പെടുന്നുവെന്നും പണത്തിനുള്ള മൂല്യം കാരണം ഇന്ത്യന്‍ വിപണിയില്‍ പോസിറ്റീവ് ട്രാക്ഷന്‍ നേടുന്നുവെന്നും വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.