12 Dec 2023 10:37 AM GMT
Summary
- വിറ്റത് 53,000 യൂണിറ്റുകൾ
- കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 18% വളര്‍ച്ച
- ചില്ലറവില്‍പ്പനയില്‍ വിപണിവിഹിതം 15% കടന്നു
ടാറ്റ മോട്ടോഴ്സ് നവംബറില്‍ രേഖപ്പെടുത്തിയത് അവരുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ റീട്ടെയില്‍ വില്‍പ്പന. ഉത്സവകാലത്തിനിടയില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തിലാണിത്.
നവംബറില്‍ ഏകദേശം 53,000 യൂണിറ്റുകളാണ് കമ്പനി ചില്ലറ വില്‍പ്പന നടത്തിയതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇത് ഈ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 8 ശതമാനം കൂടുതലാണ്. 2022 നവംബറിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 30 ശതമാനമാണ് വളര്‍ച്ച.
ഈ വര്‍ഷം 47 ദിവസം നീണ്ടുനിന്ന ഉത്സവ കാലയളവില്‍ കമ്പനി മികച്ച വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. ഏകദേശം 79,374 യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍ ആണ് ഈ കാലയളവിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 18 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.
'കമ്പനിയുടേത് മികച്ച് ഉത്സവ സീസണായിരുന്നു. പുതുതായി പുറത്തിറക്കിയ നെക്സോണ്‍, ഹാരിയര്‍, സഫാരി, ഐസിഎന്‍ജി ശ്രേണി മികച്ച പ്രകടനം കാഴ്ചവെച്ചു. യഥാര്‍ത്ഥ വില്‍പ്പന, ഞങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായിരുന്നു',ശൈലേഷ് ചന്ദ്ര പറഞ്ഞു.
പാസഞ്ചര്‍ വാഹന വിഭാഗം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ എക്കാലത്തെയും മികച്ച പ്രകടനം രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണെന്നും വ്യവസായം 40 ലക്ഷം സഞ്ചിത വില്‍പ്പന മാര്‍ക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉയരുന്ന വിപണി വിഹിതം
ചില്ലറ വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിയുടെ വിപണി വിഹിതം കഴിഞ്ഞ മാസം 15 ശതമാനം കടന്നതായി ചന്ദ്ര പറഞ്ഞു. കമ്പനിയുടെ എസ്യുവി പോര്‍ട്ട്ഫോളിയോ കഴിഞ്ഞ കുറച്ച് മാസങ്ങളായി റീട്ടെയില്‍ വില്‍പ്പന വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ മാസം എസ്യുവി സെഗ്മെന്റില്‍ നെക്സോണും പഞ്ചും ആദ്യ രണ്ട് സ്ഥാനത്തായിരുന്നു. മൊത്തം എസ്യുവി നമ്പറുകളുടെ കാര്യത്തില്‍, കഴിഞ്ഞ മാസം ഞങ്ങള്‍ രണ്ടാം സ്ഥാനത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിയാഗോയും ആള്‍ട്രോസും നയിക്കുന്ന കമ്പനി ഹാച്ച്ബാക്ക് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നിലനിര്‍ത്തി.
ഉത്സവ സീസണിന് ശേഷമുള്ള വില്‍പ്പനയില്‍ കുറവുണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാസഞ്ചര്‍ വിഭാഗത്തില്‍ പ്രതിമാസം 3.3-3.5 ലക്ഷം എന്ന പരിധിയില്‍ ശക്തമായ ഡിമാന്‍ഡ് നിലനില്‍ക്കണം.
ഹാച്ചുകളിലും സെഡാനുകളിലും ഡീസല്‍ പൂര്‍ണ്ണമായും ഇല്ലാതായി. അവിടെ സിഎന്‍ജിക്കാണ് പ്രാധാന്യം. അതുപോലെ, കോംപാക്ട് എസ്യുവി മുതല്‍ ഡീസലിന് ശക്തമായ ഡിമാന്‍ഡ് ഉണ്ടെന്നും ചന്ദ്ര പറഞ്ഞു.