17 Oct 2023 9:15 AM GMT
Summary
- സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍
പാസഞ്ചര്‍ വാഹന വില്‍പ്പന ആറ് മാസത്തിനിടെ ആദ്യമായി രണ്ട് ദശലക്ഷം കടന്നു. സെപ്റ്റംബറിലെ ഉത്സവ സീസണിന്റെ തുടക്കത്തില്‍ യൂട്ടിലിറ്റി വാഹനങ്ങങ്ങളുടെ ആവശ്യകതയിലെ വര്‍ധന തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കാറുകള്‍, സെഡാനുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയുടെ വില്‍പ്പന സെപ്റ്റംബറില്‍ 361,717 യൂണിറ്റിലെത്തി. വര്‍ഷം തോറും 1.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെപ്തംബറില്‍ അവസാനിച്ച കാലയളവില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ ത്രൈമാസ, അര്‍ധ വാര്‍ഷിക വില്‍പ്പന യഥാക്രമം 1,074,189 യൂണിറ്റ്, 2,070,163 യൂണിറ്റ് എന്നിങ്ങനെ മികച്ച മുന്നേറ്റം കാഴ്ച്ച വച്ചിട്ടുണ്ട്.
പുതിയ ലോഞ്ചുകള്‍ക്കിടയിലും സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്യുവി) ശക്തമായ ഡിമാന്‍ഡാണ് വില്‍പ്പന വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത്. എന്‍ട്രി ലെവലില്‍ വില്‍പ്പന സമ്മര്‍ദ്ദം തുടരുമ്പോഴും സെപ്റ്റംബരിലെ മൊത്ത പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 59.5 ശതമാനം വിറ്റഴിച്ചത് യൂട്ടിലിറ്റി വാഹനങ്ങളാണ്. എസ് യുവി വാഹനങ്ങളുടെ ബോഡി ടൈപ്പുകളോട് ആളുകള്‍ മുന്‍ഗണന നല്‍കുന്നതായി സെയില്‍സ് ഡാറ്റ കാണിക്കുന്നു. എസ്‌യുവി വില്‍പ്പന പാസര്‍ വാഹനങ്ങളുടെ പകുതിയോളമാണ്,' മാരുതി സുസുകി സീനിയര്‍ എക്‌സിക്യൂട്ടീവ് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
ഡാറ്റ പ്രകാരം മാരുതി സുസുക്കി ബ്രെസ്സ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ മോഡലുകള്‍ക്കായിരുന്നു കൂടുതൽ വാങ്ങലുകാര്‍. സെപ്തംബര്‍ പാദത്തില്‍ 640,000 യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റഴിച്ചു. ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും വില്‍പ്പന മന്ദഗതിയിലായി. സെപ്റ്റംബര്‍ പാദത്തില്‍ വിറ്റഴിച്ച 396,000 യൂണിറ്റുകളില്‍ മൊത്തം വോളിയത്തിന്റെ 37 ശതമാനം മാത്രമാണ് ഇവ രണ്ടും കൂടിയുള്ള വില്‍പ്പന.
.