image

9 Nov 2023 9:51 AM GMT

Automobile

യൂസ്ഡ്കാര്‍ വിപണിയില്‍ തിക്കും തിരക്കും

MyFin Desk

used car market will be crowded
X

Summary

  • ഉയര്‍ന്ന ഡിമാന്‍ഡിന് അനുസരിച്ച് വാഹനങ്ങള്‍ ലഭ്യമാകുന്നില്ല
  • ഉപയോഗിച്ച കാറിനായി ഇനി കൂടുതല്‍ പണം ചെലവാക്കേണ്ടി വരും
  • പുതിയ മോഡലുകള്‍ക്ക് വില ഉയരുന്നത് യൂസ്ഡ്കാര്‍ വിപണിയെ സജീവമാക്കുന്നു


യൂസ്ഡ് കാര്‍ വാങ്ങാനും ഇനി കാത്തിരിക്കേണ്ടി വരും. പ്രത്യേകിച്ച് സെക്കന്‍ഡ് ഹാന്‍ഡ് ജനപ്രിയ യൂട്ടിലിറ്റി വാഹനങ്ങള്‍ വാങ്ങാന്‍. ഉയര്‍ന്ന ഡിമാന്‍ഡും ആവശ്യകതക്കനുസരിച്ച് വിതരണം സാധ്യമാകാത്ത സാഹചര്യവുമാണ് മേഖലയിലെ സ്ഥിതി.

മാത്രവുമല്ല, സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ, ക്രെറ്റ, ബ്രെസ്സ, സ്‌കോര്‍പിയോ, എസ് യുവി 500, നെക്‌സോണ്‍ വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു വര്‍ഷം മുമ്പ് നല്‍കേണ്ടതിനെക്കാള്‍ കൂടുതല്‍ പണം നല്കേണ്ടതായും വരും.

യൂസ്ഡ്കാര്‍ വിപണിയിലെ ഈ തിരക്ക് ശരാശരി വില്‍പ്പന വിലയും മാര്‍ജിനുകളും ഉയര്‍ത്തിയിട്ടുണ്ട്. സാധാരണഗതിയില്‍, യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോമുകളും റീസെല്ലര്‍മാരും 7ശതമാനം മാര്‍ജിന്‍ നേടുന്നുണ്ട്. പുതിയ കാര്‍ വില്‍പ്പനയില്‍ ഇത് 4.5-5ശതമാനമാണ്.

ജനപ്രിയ എസ് യുവികളുടെ ആവശ്യം വിതരണത്തേക്കാള്‍ കൂടുതലാണ്. അതിനാല്‍ യൂസ്ഡ് കാര്‍ റീട്ടെയിലര്‍മാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത്തരം വാഹനങ്ങളുടെ ശരാശരി മാര്‍ജിന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എസ്യുവികളുടെ ഡിമാന്‍ഡ് ഗണ്യമായി വര്‍ധിച്ചു, അതിനാല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ എസ്യുവികളുടെ കുറവുണ്ടാകും,' മാരുതി സുസുക്കി ഇന്ത്യയുടെ സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

'സാധാരണയായി, ഒരു പുതിയ വാഹന ഉടമ മോഡല്‍ വില്‍ക്കുന്നതിന് മുമ്പ് 7.3 വര്‍ഷത്തേക്ക് നിലനിര്‍ത്തുന്നു. അതിനാല്‍, പുതിയ മോഡലുകള്‍ വിപണിയിലെത്തുവാന്‍ കാലതാമസമെടുക്കുന്നു. ,' അദ്ദേഹം വിശദീകരിച്ചു. ഇതിനര്‍ത്ഥം, ഉപയോഗിച്ച കാറുകളുടെ നിലവിലെ ലഭ്യത കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുതിയ കാര്‍ സെഗ്മെന്റ് നിര്‍മ്മാണത്തെ പ്രതിഫലിപ്പിക്കുന്നു എന്നാണ്.

ഏപ്രിലിനും ഒക്ടോബറിനും ഇടയില്‍ വിറ്റ 260,000 യൂസ്ഡ് കാറുകളില്‍ 8 ശതമാനവും എസ് യുവികളാണെന്ന് രാജ്യത്തെ ഏറ്റവും വലിയ യൂസ്ഡ് കാറുകളുടെ റീട്ടെയ്ലറായ മാരുതി ട്രൂ വാല്യൂ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എസ് യുവി വിഹിതം ഏഴു ശതമാനമായിരുന്നു.

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും എസ് യുവികളാണ് ആവശ്യപ്പെടുന്നതെന്നും വിപണിയിലെ ഡിമാണ്ടിന് അനുസരിച്ച് ഉപയോഗിച്ച വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നും മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സിന്റെ (എംഎഫ്സിഡബ്ല്യു) എംഡിയും സിഇഒയുമായ അശുതോഷ് പാണ്ഡെയും വ്യക്തമാക്കുന്നു. മഹീന്ദ്ര ഗ്രൂപ്പിന്റെ മള്‍ട്ടി-ബ്രാന്‍ഡ് യൂസ്ഡ് കാര്‍ ബിസിനസ്സ് ആവശ്യം നിറവേറ്റാന്‍ പാടുപെടുകയാണ്. സ്ഥാപനത്തിലെ സപ്ലൈ ഡിമാന്‍ഡ് പൊരുത്തക്കേട് 20 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി വര്‍ധിച്ചു.

ഉപയോഗിച്ച കാറുകള്‍ക്കായുള്ള ഫുള്‍ സ്റ്റാക്ക് പ്ലാറ്റ്ഫോമായ സ്പിന്നിയുടെ ശരാശരി പ്രതിമാസ വില്‍പ്പന 2022 ല്‍ 4,500 ല്‍ നിന്ന് ഈ കലണ്ടര്‍ വര്‍ഷത്തില്‍ 7,500 കാറുകളായി വര്‍ധിച്ചിട്ടുമുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പുതിയ കാറുകളുടെ വിലയില്‍ 40-60% വരെ കുത്തനെ വര്‍ധിച്ചത് ഉപയോഗിച്ച കാറുകളുടെ ആവശ്യകതയും വില്‍പ്പനയും വര്‍ധിപ്പിച്ചതായി വില്‍പ്പനക്കാര്‍ പറയുന്നു.