19 Dec 2024 6:28 AM GMT
Summary
- വിദേശനാണ്യ പ്രതിസന്ധി കാരണം 2020ലാണ് വാഹന ഇറക്കുമതി ശ്രീലങ്ക നിരോധിച്ചത്
- ഇറക്കുമതി നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്
- ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ വിറ്റഴിക്കണം
ശ്രീലങ്ക 2020-ല്‍ ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് പാന്‍ഡെമിക് കാരണം വിദേശനാണ്യ ശേഖരത്തിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപന പ്രകാരം പൊതുഗതാഗത വാഹനങ്ങളുടെ ഇറക്കുമതി അനുവദിച്ചു.
കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് 2022-ല്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യവും വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ് വരുത്തിയിരുന്നു. ഈ സമ്മര്‍ദ്ദം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് വാഹന ഇറക്കുമതി നിരോധിക്കുന്നതിനുള്ള നയം നടപ്പിലാക്കിയതെന്ന് ധനമന്ത്രാലയം അറിയിച്ചു.
2025 ഫെബ്രുവരി മുതല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ പാര്‍ലമെന്റിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നിരുന്നാലും, വിദേശ കരുതല്‍ ശേഖരം കെട്ടിപ്പടുക്കാനുള്ള ദ്വീപ് രാഷ്ട്രത്തിന്റെ ശ്രമത്തെ സംരക്ഷിക്കുന്നതിനായി ഈ തീരുമാനം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.
എല്ലാ ഇറക്കുമതിക്കാരും അവരുടെ ഇറക്കുമതി മൂന്ന് മാസത്തിനുള്ളില്‍ വില്‍ക്കണം, ഇല്ലെങ്കില്‍ മൂന്ന് ശതമാനം ഫീസ് ഈടാക്കും. കൂടുതലായുള്ള വാഹനങ്ങളുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്തും. ഇറക്കുമതിക്കാര്‍ മോട്ടോര്‍ വാഹനങ്ങളുടെ അനാവശ്യ സ്റ്റോക്ക് സൂക്ഷിക്കുകയുമരുത്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാഹന ഇറക്കുമതിക്കാരുടെ സംഘടന ഈ നീക്കത്തെ അഭിനന്ദിച്ചു. ഇറക്കുമതി നിരോധനം പിന്‍വലിക്കാന്‍ അവര്‍ സര്‍ക്കാരില്‍ വ്യാപകമായ സമ്മര്‍ദം ചെലുത്തിയിരുന്നു.
വിദേശ കരുതല്‍ ശേഖരത്തിന്റെ കുറവ് ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും അഭാവത്തിലേക്ക് നയിച്ച 2022-ന് സമാനമായ പ്രതിസന്ധി തടയാന്‍ ശ്രീലങ്ക അതിന്റെ ഫോറെക്‌സ് കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കണമെന്ന് ഐഎംഎഫ് ബെയ്ലൗട്ട് വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നു.
ഐഎംഎഫ്, ഇറക്കുമതി തീരുവ വഴി സംസ്ഥാന വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയായി വാഹന ഇറക്കുമതി ഐഎംഎഫ് അനുവദിച്ചിരുന്നു.