6 Dec 2023 8:47 AM GMT
Summary
- ഇരുചക്രവാഹനങ്ങളും പാസഞ്ചർ വാഹനങ്ങളും എക്കാലത്തെയും ഉയർന്ന വില്‍പ്പന രേഖപ്പെടുത്തി
- വിവാഹ സീസണ്‍ വാഹന വില്‍പ്പന ശക്തമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷ
- മുന്‍ മാസവുമായുള്ള താരതമ്യത്തില്‍ വില്‍പ്പനയിലെ വളര്‍ച്ച 35 ശതമാനം
ഇക്കഴിഞ്ഞ നവംബറിലെ വാഹന വിൽപ്പന 18 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ റെക്കോഡ് നേട്ടം കൈവരിച്ചെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ). 28.54 വാഹനങ്ങളുടെ വില്‍പ്പനയാണ് പോയ മാസം നടന്നത്. 2020 മാർച്ചില്‍ രേഖപ്പെടുത്തിയ 25.69 വാഹനങ്ങളുടെ റെക്കോഡാണ് മറികടന്നത്. മലിനീകരണ നിയന്ത്രണത്തിനുള്ള, ബിഎസ്-4 മാനദണ്ഡങ്ങളിൽ നിന്ന് ബിഎസ്-6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തിന് മുന്നോടിയായാണ് റെക്കോഡ് വില്‍പ്പന നടന്നിട്ടുള്ളത്.
നവംബറിൽ പാസഞ്ചര്‍ വാഹന വിഭാഗത്തിൽ ശക്തമായ കുതിച്ചുചാട്ടം ദൃശ്യമായതായി എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ അഭിപ്രായപ്പെട്ടു, പ്രാഥമികമായി ദീപാവലിയും മെച്ചപ്പെട്ട വിതരണ ശൃംഖലയും പുതിയതും ആകർഷകവുമായ മോഡലുകൾ പുറത്തിറങ്ങിയതും വില്‍പ്പനയെ ഉത്തേജിപ്പിച്ചു.
ഇരുചക്രവാഹനങ്ങളും പാസഞ്ചർ വാഹനങ്ങളും (പിവി) എക്കാലത്തെയും ഉയർന്ന വില്‍പ്പനയാണ് നവംബറില്‍ രേഖപ്പെടുത്തിയത്. യഥാക്രമം 22.47 ലക്ഷം യൂണിറ്റുകളുടെയും 3.6 ലക്ഷം യൂണിറ്റുകളുടെയും വില്‍പ്പന ഈ വിഭാഗങ്ങളില്‍ നടന്നു. ടൂ വീലറുകളുടെ വില്‍പ്പന 21 ശതമാനം വാര്‍ഷിക വളർച്ച കൈവരിച്ചപ്പോൾ പിവികൾ വാർഷികാടിസ്ഥാനത്തിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തി. 99,890 യൂണിറ്റുകൾ വിറ്റഴിച്ച ത്രീവീലര്‍ വാഹന വിഭാഗം 23 ശതമാനം വളർച്ച നേടി.
മുന്‍ മാസവുമായുള്ള താരതമ്യത്തില്‍ ടൂ വീലര്‍ വിഭാഗം 49 ശതമാനവും പിവി വിഭാഗം 2 ശതമാനവും വളർന്നു. ഇത് മൊത്തം വാഹന വ്യവസായത്തെ 35 ശതമാനം പ്രതിമാസ വളർച്ചയിലേക്ക് നയിച്ചു.
നടന്നുകൊണ്ടിരിക്കുന്ന വിവാഹ സീസണ്‍ വാഹന വില്‍പ്പന ശക്തമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് എഫ്‍എഡിഎ പറയുന്നു. നവംബർ 23 മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിൽ ഏകദേശം 38 ലക്ഷം വിവാഹങ്ങൾ നടക്കുന്നുണ്ട്. ഇത് പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ വാഹന വിൽപ്പന വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും, പ്രതികൂല കാലാവസ്ഥ കാരണം റാബി സീസൺ മോശമാകുന്നത് കാർഷിക വരുമാനത്തെ ബാധിച്ചേക്കാമെന്നും ഇത് വാഹന വിൽപ്പനയിലും പ്രതിഫലിക്കാമെന്നും എഫ്‍എഡിഎ കൂട്ടിച്ചേര്‍ക്കുന്നു.