5 Sep 2024 6:31 AM GMT
Summary
- ഓഗസ്റ്റിലെ പിവി രജിസ്‌ട്രേഷന്‍ 309,053 യൂണിറ്റുകളായിരുന്നു
- ഡീലര്‍മാര്‍ അവരുടെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കുന്നതിനായി അധിക സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തണം
- വാണിജ്യ വാഹന രജിസ്‌ട്രേഷനില്‍ ഓഗസ്റ്റില്‍ 6 ശതമാനം ഇടിവ്
ഉത്സവ സീസണിലെ വില്‍പ്പനയ്ക്കായി പ്രാര്‍ത്ഥനയോടെ പാസഞ്ചര്‍ വാഹന റീട്ടെയില്‍ വിഭാഗം. നിലവില്‍ ഓഗസ്റ്റില്‍ രാജ്യത്തെ പിവി റീട്ടെയില്‍ വില്‍പ്പനയില്‍ 5 ശതമാനം ഇടിഞ്ഞതായി വ്യവസായ സംഘടനയായ ഫാഡ (എഫ്എഡിഎ) അറിയിച്ചു. 2023 ഓഗസ്റ്റില്‍ 323,720 യൂണിറ്റുകളായിരുന്നുവെങ്കില്‍, കഴിഞ്ഞ മാസത്തെ മൊത്തത്തിലുള്ള പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) രജിസ്‌ട്രേഷന്‍ 309,053 യൂണിറ്റായിരുന്നു. ഉപഭോക്താക്കളുടെ പര്‍ച്ചേസുകളുടെ കാലതാമസം, മോശം ഉപഭോക്തൃ വികാരം, തുടര്‍ച്ചയായ കനത്ത മഴ എന്നിവയാണ് വില്‍പ്പന കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്.
'ഉത്സവ സീസണിന്റെ വരവോടെ, വിപണിയില്‍ കാര്യമായ സമ്മര്‍ദ്ദം തുടരുകയാണ്. ഇന്‍വെന്ററി ലെവലുകള്‍ ഭയാനകമായ തലത്തിലെത്തി, സ്റ്റോക്ക് ദിവസങ്ങള്‍ ഇപ്പോള്‍ 70-75 ദിവസമായി നീളുകയാണ്', ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (എഫ്എഡിഎ) പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പ്രസ്താവനയില്‍ പറഞ്ഞു.
സാഹചര്യത്തോട് പ്രതികരിക്കുന്നതിനുപകരം, പിവി ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറേഴ്സ് (ഒഇഎം) ഡീലര്‍മാര്‍ക്ക് മാസാടിസ്ഥാനത്തില്‍ ഡിസ്പാച്ചുകള്‍ വര്‍ധിപ്പിക്കുന്നത് തുടരുകയാണ്, ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിതമായ ഇന്‍വെന്ററി ഉള്ള ഡീലര്‍മാര്‍ക്കുള്ള ഫണ്ടിംഗ് വിഷയത്തില്‍ ഉടനടി ഇടപെടാനും നിയന്ത്രിക്കാനും ഫാഡ എല്ലാ ബാങ്കുകളോടും എന്‍ബിഎഫ്‌സികളോടും അടിയന്തിരമായി ആവശ്യപ്പെട്ടു. ഡീലര്‍മാര്‍ അവരുടെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കുന്നതിനായി അധിക സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്താന്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സിംഘാനിയ പറഞ്ഞു.
ഒഇഎമ്മുകളും കാലതാമസമില്ലാതെ അവരുടെ വിതരണ തന്ത്രങ്ങള്‍ പുനഃക്രമീകരിക്കണം, അല്ലെങ്കില്‍ ഈ ഇന്‍വെന്ററി ഓവര്‍ലോഡില്‍ നിന്ന് വ്യവസായം ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാണിജ്യ വാഹന രജിസ്‌ട്രേഷനില്‍ ഓഗസ്റ്റില്‍ 6 ശതമാനം ഇടിവ് രേഖപ്പെടുത്തി, അതേസമയം ട്രാക്ടര്‍ റീട്ടെയില്‍ വില്‍പ്പനയും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം ഇടിവ് രേഖപ്പെടുത്തി.
മെച്ചപ്പെട്ട സ്റ്റോക്ക് ലഭ്യതയുടെയും ഉത്സവ സീസണിന്റെ തുടക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഇരുചക്രവാഹന വില്‍പ്പന ഓഗസ്റ്റില്‍ 6 ശതമാനം വര്‍ധിച്ച് 1,338,237 യൂണിറ്റിലെത്തി. ത്രീ വീലര്‍ റീട്ടെയില്‍ വില്‍പ്പനയും 2 ശതമാനം വര്‍ധിച്ച് 105,478 യൂണിറ്റിലെത്തി.
കഴിഞ്ഞ മാസത്തെ മൊത്തത്തിലുള്ള രജിസ്ട്രേഷന്‍ 3 ശതമാനം വര്‍ധിച്ച് 1,891,499 യൂണിറ്റുകളായി.
ഉത്സവ സീസണും മെച്ചപ്പെട്ട ഗ്രാമീണ ഡിമാന്‍ഡും വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, നിലവിലുള്ള കാലാവസ്ഥാ അനിശ്ചിതത്വങ്ങളും ഉയര്‍ന്ന ഇന്‍വെന്ററി ലെവലും മൊത്തത്തിലുള്ള വീണ്ടെടുക്കലിനെ ബാധിച്ചേക്കാം.