image

15 March 2024 9:35 AM GMT

Automobile

പുതിയ ഇവി നയവുമായി കേന്ദ്രം

MyFin Desk

പുതിയ ഇവി നയവുമായി കേന്ദ്രം
X

Summary

  • പ്ലാന്റ് സ്ഥാപിക്കാന്‍ മൂന്നുവര്‍ഷം
  • നിര്‍മ്മാണത്തില്‍ പ്രാദേശിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തണം
  • നയം നടപ്പാക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതിയില്‍ ആനുകൂല്യങ്ങള്‍


ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുള്ള ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) രാജ്യത്ത് നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്ത്യയെ ഒരു നിര്‍മ്മാണ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിക്ക് അംഗീകാരം നല്‍കിയതായി കേന്ദ്രം പ്രഖ്യാപിച്ചു. ഇ-വാഹന മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് നയം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല്‍ ആഗോള ഇവി നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് എത്തുന്നതിനായാണ് പുതിയ നയം പ്രഖ്യാപിച്ചത്.

പുതിയ നയം കമ്പനികള്‍ രാജ്യത്ത് കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുന്നു. കൂടാതെ 25% എങ്കിലും പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിക്കുകയും വേണം. ഇവികള്‍ക്കായി പ്രാദേശിക നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ മൂന്ന് വര്‍ഷം അനുവദിക്കും.

ഈ ആവശ്യകതകള്‍ നിറവേറ്റുന്ന കമ്പനികളെ 35,000 ഡോളറും അതിനുമുകളിലും വിലയുള്ള കാറുകള്‍ക്ക് 15% കുറഞ്ഞ ഇറക്കുമതി തീരുവയില്‍ പ്രതിവര്‍ഷം 8,000 ഇവികള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് അവയുടെ മൂല്യമനുസരിച്ച് ഇന്ത്യ 70% അല്ലെങ്കില്‍ 100% നികുതി ചുമത്തുന്നുണ്ട്.

ഈ നീക്കം അത്യാധുനിക സാങ്കേതിക വിദ്യയിലേക്ക് പ്രവേശനം നല്‍കുകയും ഇവി ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയും മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപമാണ് 4,150 കോടി രൂപ. എന്നാല്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

ഇന്ത്യയില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും ഇ-വാഹനങ്ങളുടെ വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുന്നതിനും മൂന്ന് വര്‍ഷമാണ് ടൈംലൈന്‍.നിര്‍മ്മാണ സമയത്ത് ആഭ്യന്തര മൂല്യവര്‍ധന നയം നടപ്പാക്കണം. മൂന്നാം വര്‍ഷത്തില്‍ 25% വും 5-ാം വര്‍ഷമാകുമ്പോള്‍ 50% വും പ്രാദേശികവല്‍ക്കരണ നിലവാരം കൈവരിക്കേണ്ടതുണ്ട്.