2 Jan 2024 5:30 AM
Summary
- 2023-ല്‍ മൊത്തം 2.65 ലക്ഷം യൂണിറ്റുകളാണ് വിറ്റതെന്ന് ഒല
- 74 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്
- ഈ വര്‍ഷം ഐപിഒയ്ക്ക് ഒരുങ്ങുകയാണ് ഒല
2023 ഡിസംബറില്‍ ഇന്ത്യയിലുടനീളം 30,219 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായി ഒല ഇലക്ട്രിക് 2024 ജനുവരി 1ന് അറിയിച്ചു. ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍ 40 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തതായും ഒല അവകാശപ്പെട്ടു.
2022 ഡിസംബറിനെ അപേക്ഷിച്ച് 2023 ഡിസംബറില്‍ ഒല 74 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
2023-ല്‍ മൊത്തം 2.65 ലക്ഷം യൂണിറ്റുകളാണ് വിറ്റതെന്ന് ഒല അറിയിച്ചു.
2023 ഡിസംബറില്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനായി ' ഡിസംബര്‍ ടു റിമെംബര്‍ ' എന്ന പേരിലൊരു പ്രചാരണം നടത്തിയിരുന്നു. ഈ പ്രചാരണം വന്‍ വിജയമായി മാറിയെന്നു തെളിയിക്കുകയാണ് ഡിസംബറിലെ വില്‍പ്പന കണക്കുകള്‍.
ഈ വര്‍ഷം ഐപിഒയ്ക്ക് ഒരുങ്ങുന്ന ഒല ഇലക്ട്രിക്കിന് വലിയ സന്തോഷമേകുന്നതാണ് ഡിസംബറിലെ റെക്കോര്‍ഡ് വില്‍പ്പന കണക്കുകള്‍.
ഐപിഒയിലൂടെ 5,500 കോടി രൂപ സമാഹരിക്കാനാണ് ഒല തീരുമാനിക്കുന്നത്. ഐപിഒ നടത്തുന്ന ആദ്യ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനി കൂടിയായിരിക്കും ഒല.
ഐപിഒയില്‍ ഒലയുടെ സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍ 4.73 കോടി ഓഹരികള്‍ ഒഎഫ്എസിലൂടെ വില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒല ഇലക്ട്രിക്കിന്റെ ഐപിഒ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.