14 Oct 2023 10:14 AM GMT
Summary
ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയിലെ കാര്‍ വില്‍പ്പന 10 ശതമാനം ഉയര്‍ന്നു
ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കാന്‍ ബിഎംഡബ്ല്യു ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്നും അവ വാങ്ങണോ വേണ്ടയോ എന്നത് ഉപഭോക്താവിന് വിട്ടുകൊടുക്കുമെന്നും ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു.
ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയുടെ ഇന്ത്യയിലെ കാര്‍ വില്‍പ്പന 10 ശതമാനം ഉയര്‍ന്ന് 9,580 യൂണിറ്റിലെത്തി.
ഉയര്‍ന്ന കാര്‍ബണ്‍ പുറന്തള്ളുന്ന ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം ഓട്ടോമൊബൈല്‍ കമ്പനികള്‍ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം 10 ശതമാനം അധികമായി ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും സെപ്റ്റംബര്‍ 12 ന് റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് പ്രധാന ഓട്ടോ സ്റ്റോക്കുകള്‍ ഇടിഞ്ഞതിനാല്‍, അത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിര്‍ലോസ്‌കര്‍, കിയ എന്നിവയാണ് ഡീസല്‍ കാര്‍ വിപണിയിലെ പ്രധാനികള്‍.
ബിഎംഡബ്ല്യുവിന്റെ ആഭ്യന്തര മൊത്ത വില്‍പ്പനയില്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് കാറുകളുടെ വിഹിതം യഥാക്രമം 55, 35, 10 ശതമാനമാണ്.
ഉത്സവ സീസണില്‍ ആഡംബര കാര്‍ വില്‍പ്പന ഉയരും. എന്നാല്‍ മാസ് സെഗ്മെന്റ് കാര്‍ വിപണിയിലേതു പോലെ വില്‍പ്പനയില്‍ കുതിച്ചു ചാട്ടം ആഡംബര കാര്‍ വില്‍പ്പനയിലുണ്ടാവില്ലെന്നു ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു.
ഏകദേശം 2,000 കാറുകളുടെയും 1,000 മോട്ടോര്‍ സൈക്കിളുകളുടെയും ഓര്‍ഡര്‍ബുക്ക് നിലവില്‍ കമ്പനിക്കുണ്ട്. ഇന്ത്യയില്‍ 24 കാര്‍ മോഡലുകളും 24 മോട്ടോര്‍സൈക്കിള്‍ മോഡലുകളും വില്‍ക്കുന്നുണ്ട്. 2022 ല്‍ കമ്പനി മൊത്തം വിറ്റ കാറുകളില്‍ 3 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം.