20 Oct 2023 9:55 AM
Summary
- മാരുതി സുസുക്കിയെക്കാള്‍ 3.54 ശതമാനം നേട്ടം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടി രൂപയുടെ വരുമാനം പിന്നിട്ട് മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ. തുടര്‍ച്ചയായ എട്ട് വര്‍ഷമായി ആഭ്യന്തര ആഡംബര കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്താണ് മേഴ്‌സിഡസ് ബെന്‍സ്. ഒരു വര്‍ഷം കൊണ്ട് ഇരട്ടി ലാഭമാണ് കമ്പനി നേടിയത്. ഉയര്‍ന്ന മോഡലുകളോ, 1.5 കോടി രൂപയ്ക്ക് മുകളിലുള്ള (എക്‌സ്-ഷോറൂം) വിലയുള്ളവയാണ് വാങ്ങലുകാര്‍ തിരഞ്ഞെടുക്കുന്നത്. അതേസമയം കോവിഡിന് മുമ്പുള്ള വര്‍ഷത്തെ നേട്ടങ്ങളിലേക്ക് കമ്പനി ഇത് വരെ എത്തിയിട്ടില്ല.
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കമ്പനി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍, മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ 16,497 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ 18,211 വാഹനങ്ങളാണ് വിറ്റത്.
ആവറേജ് റിയലൈസേഷന്‍ വര്‍ഷം തോറും 20 ശതമാനം ഉയര്‍ന്ന് 62 ലക്ഷം രൂപയായപ്പോള്‍ വരുമാനം 64 ശതമാനം വര്‍ധിച്ച് 2023 സാമ്പത്തിക വര്‍ഷത്തില്‍ 10,450 കോടി രൂപയായി. അഞ്ച് വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച്് വരുമാനത്തില്‍ ഇരട്ടി കുതിച്ചുചാട്ടം രേഖപ്പെടുത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 91 ശതമാനം വര്‍ധിച്ച് 884 കോടി രൂപയായി.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മെഴ്സിഡസിന്റെ പ്രവര്‍ത്തന ലാഭം ഇരട്ട അക്കത്തില്‍ തുടര്‍ന്നു. എബിറ്റ്ഡ മാര്‍ജിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13.4 ശതമാനം ആയിരുന്നു. ഇതേ കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയെക്കാള്‍ 3.54 ശതമാനം കൂടുതലാണിത്.