image

1 April 2025 10:18 AM

Automobile

കയറ്റുമതിയില്‍ റെക്കോര്‍ഡുമായി മാരുതി സുസുക്കി

MyFin Desk

കയറ്റുമതിയില്‍ റെക്കോര്‍ഡുമായി മാരുതി സുസുക്കി
X

Summary

  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി ചെയ്തത് 3,32,585 യൂണിറ്റുകള്‍
  • രാജ്യത്തെ മൊത്തം വാഹന കയറ്റുമതിയുടെ 43 ശതമാനം മാരുതി സുസുക്കിയുടേത്


കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വാഹന കയറ്റുമതി രേഖപ്പെടുത്തിയതായി മാരുതി സുസുക്കി ഇന്ത്യ. 3,32,585 യൂണിറ്റുകളാണ് രാജ്യത്തുനിന്നും കമ്പനി കയറ്റി അയച്ചത്. 2024 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 17.5 ശതമാനം വളര്‍ച്ചയാണിത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2,83,067 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊത്തം വാഹന കയറ്റുമതിയുടെ 43 ശതമാനത്തോളം കമ്പനിയുടേതായിരുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) പ്രസ്താവനയില്‍ പറഞ്ഞു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത മോഡലുകള്‍ ഫ്രോങ്ക്‌സ്, ജിംനി, ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ചിലി, ജപ്പാന്‍, മെക്‌സിക്കോ എന്നിവയായിരുന്നു ഓട്ടോ ഭീമന്റെ മികച്ച അഞ്ച് വിപണികള്‍.

' സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ദര്‍ശനവുമായി യോജിച്ച്, ഞങ്ങള്‍ 3,32,585 യൂണിറ്റുകളുടെ റെക്കോര്‍ഡ് കയറ്റുമതി നേടി. ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന കയറ്റുമതിക്കാരന്‍ എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു,' എംഎസ്‌ഐ എംഡിയും സിഇഒയുമായ ഹിസാഷി തകേച്ചി പറഞ്ഞു.

'രാജ്യത്തിന്റെ മൊത്തം വാഹന കയറ്റുമതിയുടെ 43 ശതമാനത്തോളം സംഭാവന ചെയ്യുന്നത് മാരുതി സുസുക്കിയാണ്. ഞങ്ങളുടെ നിര്‍മ്മാണ മികവ് ആഗോളതലത്തില്‍ വിശ്വാസം നേടിയെടുത്തതില്‍ അഭിമാനിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം കമ്പനി ഫ്രോങ്ക്സും ജിംനി 5-ഡോറും ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങി, രണ്ട് മോഡലുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചത് പ്രോത്സാഹജനകമാണെന്ന് തകേച്ചി പറഞ്ഞു.ആഗോള ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഔന്നത്യത്തിന് ഇത് തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്സ്പോയില്‍ പ്രഖ്യാപിച്ചതുപോലെ, സുസുക്കിയുടെ ബിഇവി, ഇ വിറ്റാര എന്നിവയുടെ ആഗോള നിര്‍മ്മാണ കേന്ദ്രമാണ് ഇന്ത്യ. 2025-26 സാമ്പത്തിക വര്‍ഷത്തില്‍, യൂറോപ്പ്, ജപ്പാന്‍ എന്നിവയുള്‍പ്പെടെ ഏകദേശം 100 രാജ്യങ്ങളിലേക്ക് ഇ-വിറ്റാരയുടെ കയറ്റുമതി ആരംഭിക്കും',തകേച്ചി പറഞ്ഞു.

ഏകദേശം 100 രാജ്യങ്ങളിലേക്ക് 17 മോഡലുകള്‍ കയറ്റുമതി ചെയ്യുന്ന കമ്പനി 2024 നവംബറില്‍ 3 ദശലക്ഷം കയറ്റുമതി ലക്ഷ്യം നേടി.