8 March 2025 11:50 AM IST
Summary
- കാര്‍ ഉടമസ്ഥാവകാശം തടസരഹിതമാക്കുക ലക്ഷ്യം
- ഉപയോക്താക്കള്‍ക്ക് ഹീറോ ഫിന്‍കോര്‍പ്പിന്റെ സാമ്പത്തിക പരിഹാരങ്ങള്‍ ഉപയോഗപ്പെടുത്താനാകും
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കാര്‍ വാങ്ങുന്നവര്‍ക്കുള്ള ധനസഹായ ഓപ്ഷനുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഹീറോ ഫിന്‍കോര്‍പ്പ് ലിമിറ്റഡുമായി സഹകരിക്കുന്നു. പുതിയതും ഉപയോഗിച്ചതുമായ കാര്‍ വാങ്ങുന്നവര്‍ക്കുള്ള ധനസഹായ പദ്ധതി വിപുലീകരിക്കുന്നതിനാണ് സഹകരണം.
ആളുകള്‍ക്ക് കാര്‍ വാങ്ങുന്നതിന് മാരുതി സുസുക്കിയുടെ ഡീലര്‍ഷിപ്പ് ശൃംഖലയും ഹീറോ ഫിന്‍കോര്‍പ്പിന്റെ സാമ്പത്തിക പരിഹാരങ്ങളും പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഇരു കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഔദ്യോഗികമായി അംഗീകരിച്ചത്.
മാരുതി സുസുക്കിയിലെ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി, അലൈഡ് ബിസിനസ് വൈസ് പ്രസിഡന്റ് കമല്‍ മഹ്ത എന്നിവര്‍ പങ്കെടുത്തു. ഹീറോ ഫിന്‍കോര്‍പ്പിനെ പ്രതിനിധീകരിച്ച് എംഡിയും സിഇഒയുമായ അഭിമന്യു മുഞ്ജലും മറ്റ് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയിലുടനീളമുള്ള ഉപഭോക്തൃ അടിത്തറയെ പരിപാലിക്കുന്നതിലൂടെ മാരുതി സുസുക്കി അതിന്റെ ധനകാര്യ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു.
' കാര്‍ ഫിനാന്‍സിംഗ് മേഖല നിരന്തരം വികസിച്ചുകൊണ്ടിരിക്കുയാണ്. ഇതിനായി സുതാര്യവും ആകര്‍ഷകവുമായ ധനസഹായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാനുള്ള പദ്ധതിയാണ് ഹീറോ ഫിന്‍കോര്‍പ്പുമായി ചേര്‍ന്ന് തയ്യാറാക്കുന്നത്', ബാനര്‍ജി പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ദൗത്യത്തിലാണ് ഹീറോ ഫിന്‍കോര്‍പ്പ് എന്ന് അഭിമന്യു മുഞ്ജല്‍ പറഞ്ഞു. 'ഓരോ ഇന്ത്യക്കാരനും കാര്‍ ഉടമസ്ഥാവകാശം എളുപ്പവും തടസ്സരഹിതവുമാക്കുന്നതിലേക്ക് മാരുതി സുസുക്കിയുമായുള്ള ഈ പങ്കാളിത്തം ഞങ്ങളെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.