image

2 Oct 2023 7:50 AM GMT

Automobile

മാരുതി വില്‍പ്പന ആദ്യ പകുതിയില്‍ ദശലക്ഷത്തിനു മുകളില്‍

MyFin Desk

passenger vehicle sales in Ulsava season will cross 10 lakhs
X

Summary

  • മാരുതി സുസുക്കിയുടെ വാഹന വില്‍പ്പന ആദ്യപുകുതിയില്‍ ആദ്യമായി ഒരു ദശലക്ഷം യൂണിറ്റിനു മുകളിലെത്തിയിരിക്കുകയാണ്.
  • ടാറ്റ മോട്ടോഴ്സിന്റെ കാര്‍ വില്‍പ്പന സെപ്റ്റംബറില്‍ 45317 യൂണിറ്റായി.
  • മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടര്‍ച്ചയായ മൂന്നാം മാസവും മികച്ച വളര്‍ച്ച നേടി.


മാരുതി സുസുക്കി ഇന്ത്യ സെപ്റ്റംബറില്‍ 181343 യൂണിറ്റ് ( എല്‍സിവി ഉള്‍പ്പെടെ) വിറ്റു. ഇത് മുന്‍വര്‍ഷം സെപ്റ്റംബറിലെ 176306 യൂണിറ്റിനേക്കാള്‍ 2.9 ശതമാനം കൂടുതലാണ്.

മാരുതി സുസുക്കിയുടെ വാഹന വില്‍പ്പന ആദ്യപുകുതിയില്‍ ആദ്യമായി ഒരു ദശലക്ഷം യൂണിറ്റിനു മുകളിലെത്തിയിരിക്കുകയാണ്. ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവിലെ വില്‍പ്പന 1050085 യൂണിറ്റിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 9,85,326 യൂണിറ്റായിരുന്നു. ഇതില്‍ 132452 യൂണിറ്റ് കയറ്റുമതിയാണ്. ഓള്‍ട്ടോ, എസ് പ്രസോ തുടങ്ങിയ മിനി വിഭാഗത്തില്‍ വില്‍പ്പന ഗണ്യമായി കുറയുമ്പോള്‍ എസ് യുവി വിഭാഗത്തില്‍ വന്‍ വില്‍പ്പന വളര്‍ച്ചയാണ് കാണുന്നത്.

ടാറ്റ മോട്ടോഴ്സ് വില്‍പ്പനയില്‍ 5% കുറവ്

ടാറ്റ മോട്ടോഴ്സിന്റെ കാര്‍ വില്‍പ്പന സെപ്റ്റംബറില്‍ 45317 യൂണിറ്റായി. മുന്‍വര്‍ഷം സെപ്റ്റംബറിലെ 47864 യൂണിറ്റിനേക്കാള്‍ 5.32 ശതമാനത്തോളം കുറവാണിത്. എന്നാല്‍ കയറ്റുമതി മുന്‍വര്‍ഷത്തെ 210 യൂണിറ്റില്‍നിന്ന് 142 ശതമാനം വര്‍ധനയോടെ 508 യൂണിറ്റായി. ജൂലൈ- സെപ്റ്റംബര്‍ കാലയളവിലെ മൊത്തം കാര്‍ വില്‍പ്പന മുന്‍വര്‍ഷമിതേ കാലയളവിലെ 138939 യൂണിറ്റില്‍നിന്ന് മൂന്നു ശതമാനം വളര്‍ച്ചയോടെ 142851 യൂണിറ്റിലെത്തി.

കമ്പനിയുടെ ഇലക്ട്രിക് വാഹന സെഗ്മെന്റ് സെപ്റ്റംബറില്‍ 6050 യൂണിറ്റ് വിറ്റു. മുന്‍വര്‍ഷമിതേ കാലയളവിലെ 3864 യൂണിറ്റിനേക്കാള്‍ 57 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. നെക്സണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നിവയിലായിരുന്നു മുഖ്യവില്‍പ്പന. രണ്ടാം ക്വാര്‍ട്ടറില്‍ ഇവി കാര്‍ വില്‍പ്പന 55 ശതമാനം വളര്‍ച്ചയോടെ 18615 ( മുന്‍വര്‍ഷം 12041 യൂണിറ്റ്) യൂണിറ്റിലെത്തി.

ഹ്യുണ്ടായ് മോട്ടോഴ്സിന് റിക്കാര്‍ഡ് വില്‍പ്പന

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ ഉത്പാദകരായ ഹ്യൂണ്ടായി മോട്ടോഴ്സ് സെപ്റ്റംബറില്‍ കയറ്റുമതി (17400 യൂണിറ്റ് ) ഉള്‍പ്പെടെ 71641 യൂണിറ്റെന്ന റിക്കാര്‍ഡ് വില്‍പ്പനയിലെത്തി. മുന്‍വര്‍ഷം സെപ്റ്റംബറിലെ 63201 യൂണിറ്റിനേക്കാള്‍ 13.35 ശതമാനം കൂടുതലാണിത്. കമ്പനി രാജ്യത്തിനകത്ത് 54241 യൂണിറ്റാണ് വിറ്റത്. വളര്‍ച്ച 9.1 ശതമാനം.

എക്സ്റ്റെര്‍, വെന്യു, ക്രെറ്റ എന്നിവയാണ് കമ്പനിയുടെ വില്‍പ്പനയ്ക്കു കരുത്തു പകര്‍ന്നത്. എകസ്റ്റെറിന്റെ കാത്തിരിപ്പ് ഒമ്പതു മാസത്തോളമാണ്.

മഹീന്ദ്ര മാര്‍ച്ച് തുടരുന്നു

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടര്‍ച്ചയായ മൂന്നാം മാസവും മികച്ച വളര്‍ച്ച നേടി. കമ്പനിയുടെ സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന 17 ശതമാനം വളര്‍ച്ചയോടെ 75604 യൂണിറ്റിലെത്തി. കയറ്റുമതി ഉള്‍പ്പെടെ എസ്യുവി വില്‍പ്പന 42260 യൂണിറ്റാണ്. വളര്‍ച്ച 20 ശതമാനം. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 23997 യൂണിറ്റും. കമ്പനിയുടെ ട്രാക്ടര്‍ വില്‍പ്പന 11 ശതമാനം കുറവോടെ 43210 യൂണിറ്റിലെത്തി. ട്രാക്ടര്‍ കയറ്റുമതി 27 ശതമാനം ഇടിവോടെ 1176 യൂണിറ്റുമായിട്ടുണ്ട്.

ടൊയോട്ട കിര്‍ലോസ്‌കര്‍

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ് സെപ്റ്റംബറില്‍ 23590 യൂണിറ്റ് ( 1422 യൂണിറ്റ് കയറ്റുമതി ഉള്‍പ്പെടെ) വില്‍പ്പന നടത്തി. മുന്‍വര്‍ഷമിതേ കാലയളവിലെ 15378 യൂണിറ്റിനേക്കാള്‍ 53 ശതമാനം കുതിപ്പാണുണ്ടായിട്ടുള്ളത്. ജൂലൈയിലെ 22910 യൂണിറ്റിനേക്കാള്‍ മൂന്നു ശതമാനം വളര്‍ച്ചയും നേടി.

മാത്രവുമല്ല നടപ്പുവര്‍ഷത്തിന്റെ ആദ്യ ആറു മാസക്കാലത്ത് 35 ശതമാനം വളര്‍ച്ചയോടെ വില്‍പ്പന 123939 യൂണിറ്റിലെത്തി. അര്‍ബന്‍ ക്രൂസ് ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ്, പുതിയ റൂമിയോണ്‍ തുടങ്ങിയവയാണ് വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്നത്.

ഉത്സവസീസണില്‍ പ്രതീക്ഷ

പൊതുവേ മികച്ച വളര്‍ച്ചയാണ് ഓട്ടോ മേഖല സെപ്റ്റംബറില്‍ നേടിയിട്ടുള്ളത്. പുതിയ ലോഞ്ചുകളും ഉത്സവകാല ഡിസ്‌കൗണ്ടുകളുമാണ് വില്‍പ്പന വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്. ഉത്സവകാലത്തിന്റെ ഉന്നതിയിലേക്കു കടക്കുന്ന ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ വാഹന നിര്‍മാതാക്കള്‍ വന്‍ പ്രതീക്ഷയാണ് വച്ചിട്ടുള്ളത്. ഒക്ടോബര്‍ 14-ന് ആണ് നവരാത്രി. ദീപാവലി നവംബര്‍ 12-നും.