9 April 2024 10:13 AM GMT
Summary
- നിലവില്‍ മനേസറിലെ പ്ലാന്റില്‍ ഒരുവര്‍ഷം നിര്‍മ്മിക്കുന്നത് 9 ലക്ഷം വാഹനങ്ങള്‍
- ഈ വര്‍ഷാവസാനത്തോടെ മാരുതി ആദ്യ ഇവി ഇറക്കും
- ഗുജറാത്തിലെ പുതിയ പ്ലാന്റ് 2029-ല്‍ പ്രവര്‍ത്തനക്ഷമമാകും
പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ പ്രതിവര്‍ഷം 1 ലക്ഷം യൂണിറ്റ് അധികം ഉല്‍പ്പാദിപ്പിക്കുമെന്ന് ഏപ്രില്‍ 9 ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. കമ്പനി ഉല്‍പ്പാദന ശേഷി ഇതിനോടകം വിപുലീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ മനേസറിലെ വാഹന നിര്‍മ്മാണ ശേഷി 9 ലക്ഷമായി.
'അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ ഉല്‍പ്പാദനശേഷി 4 ദശലക്ഷം വാഹനങ്ങളാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. കൂടാതെ പ്രതിവര്‍ഷം 100,000 വാഹനങ്ങളുടെ ശേഷി കൂട്ടുന്നത് ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. പ്രതിവര്‍ഷം 23.5 ലക്ഷം യൂണിറ്റുകള്‍ വരെ നിര്‍മ്മിക്കാന്‍ കമ്പനിക്ക് ശേഷിയുണ്ട്' മാരുതി സുസുക്കി ഇന്ത്യയുടെ എംഡിയും സിഇഒയുമായ ഹിസാഷി പത്രക്കുറിപ്പില്‍ പറഞ്ഞു.
ഒരു പുതിയ അസംബ്ലി ലൈന്‍ മനേസര്‍ യൂണിറ്റിലെ നിലവിലുള്ള പ്ലാന്റ്-എ-യില്‍ ചേര്‍ത്തു.ഇത് മാരുതിയുടെ മൊത്തം ഉല്‍പ്പാദനത്തില്‍ ഗണ്യമായ സംഭാവന നല്‍കി. കമ്പനി മനേസര്‍ പ്ലാന്റില്‍ എട്ട് മോഡലുകളാണ് നിര്‍മ്മിക്കുന്നത്. അതില്‍ വാഗണ്‍ ആര്‍ ഹാച്ച്ബാക്ക്, ബ്രെസ്സ എസ്യുവി പോലുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നവ ഉള്‍പ്പെടുന്നു.
വര്‍ഷാവസാനത്തോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ മാരുതിക്ക് പദ്ധതിയുണ്ട്. ഇവി വിഭാഗത്തില്‍ ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ടാറ്റയോട് മത്സരിക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ജനുവരിയില്‍, കമ്പനി ഗുജറാത്തില്‍ ഒരു പുതിയ പ്ലാന്റിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു, അത് 2029 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പറഞ്ഞു.
ശശാങ്ക് ശ്രീവാസ്തവയെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിക്കൊണ്ട് ഏപ്രില്‍ മുതല്‍ മാരുതി സുസുക്കി അതിന്റെ ഉന്നത മാനേജ്മെന്റിന്റെ പുനഃസ്ഥാപനവും നടത്തി.