18 March 2024 7:59 AM GMT
Summary
- മലാവിയിലെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കോഴിക്കോട് സ്വദേശി.
- ചെറുവണ്ണൂർകാരനായ ബ്രിജേഷ് ബാലകൃഷ്ണൻ എന്ന യുവസംരംഭകനാണ് തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യത്തെ സർക്കാരുമായി പങ്കാളിത്തം സ്ഥാപിച്ചത്.
മലാവിയിലെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കോഴിക്കോട് സ്വദേശി. ചെറുവണ്ണൂർകാരനായ ബ്രിജേഷ് ബാലകൃഷ്ണൻ എന്ന യുവസംരംഭകനാണ് തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യത്തെ സർക്കാരുമായി പങ്കാളിത്തം സ്ഥാപിച്ചത്. ബാലകൃഷ്ണന്റെ നൂതന വൈദ്യത വാഹന കമ്പനി ഇപ്പോൾ പരിസ്ഥിതി സൗഹൃദ ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങളും കയറ്റുമതി ചെയ്യാൻ ഒരുങ്ങുകയാണ്. ബംഗളൂരുവിൽ നടന്ന ചടങ്ങിലാണ് സഹകരണം ഉറപ്പിച്ചത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഈ വാഹന ഉപയോഗത്തെ കണക്കാക്കുന്നത്. സുസ്ഥിരതയ്ക്കും ഹരിതസംരംഭങ്ങൾക്കും പേരുകേട്ട രാജ്യമാണ് മലാവി.
അത്യാധുനിക സാങ്കേതിക വിദ്യയും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും കൊണ്ട് ഇ-വാഹന വ്യവസായത്തിൽ തരംഗം സൃഷ്ടിച്ച കമ്പനിയാണ് ബാലകൃഷ്ണന്റെ ആക്‌സിയോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഓട്ടോമൊബൈൽ വ്യവസായത്തിലെ തന്റെ അനുഭവ പരിചയം കൊണ്ട് ക്രീയാത്മകവും ഉയർന്ന നിലവാരവുമുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും സുസ്ഥിര വികസന മാർഗങ്ങൾ കൊണ്ടുവരുന്നതിനും സാധിക്കുമെന്ന് ബാലകൃഷ്ണൻ വിശ്വസിച്ചു. ദീർഘ നാളത്തെ പരീക്ഷണങ്ങൾക്കൊടുവിൽ തന്റെ സുഹൃത്തുക്കളോടൊപ്പം അദ്ദേഹം 2017 ൽ ഇ-വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങി.
കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും സാങ്കേതിക വിദ്യയും സുസ്ഥിരതയും ഉപയോഗിച്ച് ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ വായുവിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. പുതുമ,ഗുണമേന്മ,ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുക എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ഞങ്ങൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ വിപ്ലവം സൃഷ്ടിക്കുകയാണെന്ന് ബാലകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്‌സിയോണിന്റെ നിർമ്മാണ യൂണിറ്റ് കോയമ്പത്തൂരിലാണ്. രാജ്യത്താകമാനം അഞ്ഞൂറോളം ഇ-വാഹനങ്ങൾ കമ്പനി ഇതിനകം വിറ്റഴിച്ചിട്ടുണ്ട്.
ഇന്ത്യ-മലാവി ബന്ധത്തിൽ പുതിയ അധ്യായം
താങ്ങാവുന്ന വില,വിശ്വാസ്യത,പരിസ്ഥിതി സൗഹൃദ രൂപകൽപ്പന എന്നവയാണ് ബാലകൃഷ്ണന്റെ വാഹനങ്ങളുടെ പ്രത്യേകത. അതിനാൽ തന്നെ ഈ വാഹനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധപിടിച്ചുപറ്റി. വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥികളെ 30 ഇ-ഓട്ടോകൾ നിർമ്മിക്കാൻ സഹായിച്ചതാണ് അദ്ദേഹത്തിന്റെ ടീമിന്റെ സമീപകാല നേട്ടത്തിൽ എടുത്തുപറയേണ്ട നേട്ടം. ബ്രിജേഷിനൊപ്പം ഒമ്പത് ഡയറക്ടർമാർ കൂടി കമ്പനിയിലുണ്ട്.
ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് തന്റെ കമ്പനി വിപുലീകരിക്കാനും ആഗോളതലത്തിൽ സുസ്ഥിര വികസനശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിനും മലാവിയുമായുള്ള ബന്ധം സഹായകമാകുമെന്ന് ബാലകൃഷ്ണൻ വിശ്വസിക്കുന്നു. മലാവി ഗതാഗത മേഖലയിൽ തന്റെ ഇ വാഹനങ്ങൾ പ്രവേശിക്കുന്നതിലൂടെ മേഖലയിലെ ഗതാഗത വെല്ലുവിളികൾക്ക് പരിഹാരമാകും. ഇന്ത്യയും മലാവിയും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്താൻ ഈ പങ്കാളിത്തം സഹായകമാകും.