image

1 April 2025 8:29 AM

Automobile

വില്‍പ്പന ഉയര്‍ത്തി മഹീന്ദ്രയും ഐഷറും

MyFin Desk

mahindra and eicher increase sales
X

Summary

  • റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന ഒരുദശലക്ഷം പിന്നിട്ടു
  • ഐഷര്‍ 34 ശതമാനം വില്‍പ്പന വളര്‍ച്ച നേടി


മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഐഷര്‍ മോട്ടോഴ്സും മാര്‍ച്ചില്‍ മികച്ച വാഹന വില്‍പ്പന നടത്തിയതായി കണക്കുകള്‍. കയറ്റുമതി ഉള്‍പ്പെടെ മൊത്തം ട്രാക്ടര്‍ വില്‍പ്പന മാര്‍ച്ചില്‍ 34,934 യൂണിറ്റുകളായി ഉയര്‍ന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. 2024 മാര്‍ച്ചില്‍ കമ്പനി 26,024 ട്രാക്ടറുകള്‍ വിറ്റഴിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

2025 മാര്‍ച്ചിലെ ആഭ്യന്തര വില്‍പ്പന 32,582 യൂണിറ്റായിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 24,276 ട്രാക്ടറുകളില്‍ നിന്ന് 34 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി എം ആന്‍ഡ് എം ലിമിറ്റഡ് അറിയിച്ചു.

കഴിഞ്ഞ കാലയളവിലെ കയറ്റുമതി 2,352 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു.

റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്സ് ലിമിറ്റഡ് മാര്‍ച്ചില്‍ 101,021 മോട്ടോര്‍സൈക്കിളുകള്‍ വിറ്റു, 34% വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഒരു ദശലക്ഷം യൂണിറ്റുകളാണ് ഇന്‍ഫീല്‍ഡ് വിറ്റഴിച്ചത്.

റോയല്‍ എന്‍ഫീല്‍ഡിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം അസാധാരണമായ ഒന്നായിരുന്നുവെന്ന് ഐഷര്‍ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടറും റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബി ഗോവിന്ദരാജന്‍ പറഞ്ഞു. എന്‍ഫീല്‍ഡിന്റെ മോഡലുകളുടെ മൊത്ത വില്‍പ്പന മാര്‍ച്ചില്‍ 87,312 യൂണിറ്റായിരുന്നു. ഈ വിഭാഗത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്.

''മാര്‍ച്ചില്‍ ഞങ്ങള്‍ മൊത്തം 48,048 എസ്യുവികള്‍ വിറ്റു, 18% വളര്‍ച്ചയും 83,894 മൊത്തം വാഹനങ്ങളും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23% വളര്‍ച്ച. ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളുടെ ഡെലിവറികളും ആരംഭിച്ചു'', മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

കഴിഞ്ഞമാസം ഔഡി വാഹനങ്ങളുടെ വില്‍പ്പനയില്‍ 17 ശതമാനം വളര്‍ച്ച നേടി. മൊത്തം 1223 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

കിയയുടെ വാഹനവില്‍പ്പന 4ശതമാനം വര്‍ധിച്ചു. കിയയുടെ ത്രൈമാസ വില്‍പ്പന 75,576 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 65,369 യൂണിറ്റുകളെ അപേക്ഷിച്ച് 15.6% വര്‍ധനവ് രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ 2,45,634 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ കിയ ഇന്ത്യ 2,55,207 യൂണിറ്റുകളുടെ വാര്‍ഷിക വില്‍പ്പനയും നേടി. കിയ 26,892 യൂണിറ്റുകള്‍ വിദേശത്തേക്ക് അയക്കുകയും ചെയ്തു. കിയയുടെ ആഭ്യന്തര വില്‍പ്പന 25,525 യൂണിറ്റായിരുന്നു.

എംജി ഇന്ത്യ 2025 മാര്‍ച്ചില്‍ 5,500 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. കമ്പനി 5,050 യൂണിറ്റുകള്‍ വിറ്റ 2024 മാര്‍ച്ചിനെ അപേക്ഷിച്ച് 9 ശതമാനം വാര്‍ഷിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. എംജിയെ സംബന്ധിച്ചിടത്തോളം, അതിന്റെ ഇവി പോര്‍ട്ട്ഫോളിയോ മൊത്തം വില്‍പ്പനയുടെ 85 ശതമാനത്തിലധികമായി തുടരുന്നു.