image

26 Jun 2024 4:07 AM GMT

Automobile

അധികശേഷി ലക്ഷ്യമിട്ട് ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍

MyFin Desk

The target is an additional capacity of three million cars per year
X

Summary

  • നിലവിലെ ശേഷിയായ 5.77 ദശലക്ഷം കാറുകളെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനവാണ് ലക്ഷ്യമിടുന്നത്
  • ഇതില്‍ ഇലക്ട്രിക് കാറുകളും ഹൈബ്രിഡുകളും ഉള്‍പ്പെടുന്നു
  • വിന്‍ഫാസ്റ്റ് പ്രഖ്യാപിച്ച പുതിയ നിക്ഷേപം ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല


ആഭ്യന്തര വിപണി വില്‍പ്പനയുടെ 97 ശതമാനവും വഹിക്കുന്ന ഒമ്പത് ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പ്രതിവര്‍ഷം മൂന്ന് ദശലക്ഷം കാറുകളുടെ അധിക ശേഷി സൃഷ്ടിക്കുന്നു. അവരുടെ നിലവിലെ ശേഷിയായ 5.77 ദശലക്ഷം കാറുകളെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനവാണ് ഉണ്ടാകുകയെന്ന് ക്രിസില്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്സിന്റെ കണക്കുകള്‍ പറയുന്നു.

പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമായാല്‍, പ്രതിവര്‍ഷം 8.77 ദശലക്ഷം യാത്രാ വാഹനങ്ങളുടെ ശേഷി ഇന്ത്യ കൈവരിക്കും. പുതിയ ശേഷി ഈ വര്‍ഷം നവംബര്‍ മുതല്‍ സാമ്പത്തികവര്‍ഷം 2031 വരെയുള്ള കാലയളവില്‍ പ്രാവര്‍ത്തികമാകും. ഇതില്‍ ഇലക്ട്രിക് കാറുകളും ഹൈബ്രിഡുകളും ഉള്‍പ്പെടുന്നു.

മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ മോട്ടോഴ്സ്, ടൊയോട്ട കിര്‍ലോസ്‌കര്‍, ഹോണ്ട കാര്‍സ് ഇന്ത്യ, സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍, എംജി മോട്ടോഴ്സ് എന്നിവ കമ്പനികളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ കാര്‍ നിര്‍മ്മിക്കുന്നതിനായി വിന്‍ഫാസ്റ്റ് പ്രഖ്യാപിച്ച പുതിയ നിക്ഷേപം ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 4.2 ദശലക്ഷം വാഹന വില്‍പ്പന എന്ന റെക്കോര്‍ഡ് രേഖപ്പെടുത്തി. എസ് ആന്റ് പി പ്രകാരം 2025ല്‍ 5.1 ദശലക്ഷത്തില്‍ നിന്ന് 8.2 ദശലക്ഷത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ശേഷി സൃഷ്ടിക്കാനുള്ള തീരുമാനം കമ്പനികള്‍ക്ക് ഗുണകരമാകും. ചൈനയ്ക്കും യുഎസിനും ശേഷം ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിപണിയാകും.

കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ കാര്‍ വില്‍പ്പനയാണ് ഇന്ത്യ കണ്ടതെന്നും എസ് ആന്റ് പി മൊബിലിറ്റി ചൂണ്ടിക്കാട്ടുന്നു.

ശേഷി ലഭ്യമായിക്കഴിഞ്ഞാല്‍, നാല് വാഹന കമ്പനികള്‍ - മാരുതി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര - രാജ്യത്തെ കാര്‍ നിര്‍മ്മാണ ശേഷിയുടെ 81 ശതമാനവും നിയന്ത്രിക്കും.