16 Aug 2023 11:16 AM GMT
Summary
- പ്രതിവർഷം 10 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി ലക്ഷ്യമിടുന്നു
- തമിഴ്‌നാട്ടിൽ 20,000 കോടി നിക്ഷേപിക്കും
മഹാരാഷ്ട്രയിലെ തലേഗാവിലുള്ള ജനറൽ മോട്ടോഴ്‌സ് പ്ലാന്റുമായി ബന്ധപ്പെട്ട ആസ്തികൾ ഏറ്റെടുക്കുന്നതിന് അസറ്റ് പർച്ചേസ് കരാറിൽ ഒപ്പുവെച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ബുധനാഴ്ച അറിയിച്ചു. ഭൂമി, കെട്ടിടങ്ങൾ, ചില നിർമാണ ഉപകരണങ്ങൾ എന്നിവ ഏറ്റെടുക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി ഈ വർഷം മാർച്ചിൽ കമ്പനി ടേം ഷീറ്റിൽ ഒപ്പുവെച്ചിരുന്നു. 2025ൽ ഈ യൂണിറ്റിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.
" തലേഗാവിൽ മെയ്ഡ്-ഇൻ-ഇന്ത്യ കാറുകൾക്കായി ഒരു നൂതന നിർമ്മാണ കേന്ദ്രം സൃഷ്ടിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു," ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉൻസൂ കിം പ്രസ്താവനയിൽ പറഞ്ഞു. ശേഷി വർധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹന പരിതസ്ഥിതി സൃഷ്ടിക്കുന്നതിനുമായി തമിഴ്‌നാട്ടിൽ 20,000 കോടി രൂപ നിക്ഷേപിക്കുന്നതിന് എച്ച്‌എംഐഎൽ ധാരണാപത്രത്തിൽ (എംഒയു) ഈ വർഷം ആദ്യം ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു.
ശ്രീപെരുമ്പത്തൂർ (ചെന്നൈ), തലേഗാവ് പ്ലാന്റുകൾ വഴി പ്രതിവർഷം 10 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തലേഗാവ് പ്ലാന്റിന് നിലവിൽ 1.3 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുണ്ട്. കരാർ പൂർത്തിയാകുമ്പോൾ, വാർഷിക ഉൽപ്പാദന ശേഷി വിപുലീകരിക്കാൻ എച്ച്എംഐഎൽ പദ്ധതിയിടുന്നു.