8 Jan 2024 7:25 AM GMT
Summary
- ഹൈഡ്രജന്‍ റിസോഴ്സ് സെന്റര്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്കാണ് നിക്ഷേപം
- ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ സര്‍ക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു
- തമിഴ്നാട്ടില്‍ നിര്‍മ്മാണ അടിത്തറയുള്ള കമ്പനിയാണ് ഹ്യുണ്ടായ്
തമിഴകത്തേക്ക് വന്‍ നിക്ഷേപ പ്രവാഹം. തമിഴ്നാട്ടില്‍ ഹൈഡ്രജന്‍ റിസോഴ്സ് സെന്റര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍ക്കായി 6,180 കോടി രൂപ നിക്ഷേപിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.
ഇലക്ട്രിക് വാഹന നിര്‍മ്മാണം, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, നൈപുണ്യ വികസനം എന്നിവയില്‍ തങ്ങളുടെ ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പത്ത് വര്‍ഷത്തിനുള്ളില്‍ (2023-32) വിന്യസിക്കാന്‍ ഉദ്ദേശിക്കുന്ന 20,000 കോടി രൂപയ്ക്ക് പുറമേയാണ് കമ്പനിയുടെ നിക്ഷേപം.
ജനുവരി 7.8 തീയതികളായി നടക്കുന്ന ഗ്ലോബല്‍ ഇന്‍വെന്‍സ്റ്റേഴ്‌സ് മീറ്റിനോട് അനുബന്ധിച്ചാണ് അന്താരാഷ്ട്ര കമ്പനികള്‍ തമിഴ്‌നാട്ടില്‍ നിക്ഷേപം പ്രഖ്യാപിച്ചിട്ടുള്ളത്.
ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് 2024-ല്‍ കമ്പനി പുതിയ നിക്ഷേപം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. '6,180 കോടി രൂപയുടെ ഈ നിക്ഷേപം സംസ്ഥാനത്തെ സാമൂഹിക-സാമ്പത്തിക വികസനം വര്‍ധിപ്പിക്കുന്നതിനും സംസ്ഥാനത്തെ സ്വാശ്രയമാക്കുന്നതിനുമുള്ള പരിശ്രമം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ്,' ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ ഉന്‍സൂ കിം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായുള്ള ഈ സഹകരണം കേവലം നിക്ഷേപത്തിനപ്പുറമാണ്. സുസ്ഥിരതയ്ക്കും ഹരിത ഭാവിക്കുമുള്ള കമ്പനിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഹൈഡ്രജന്‍ സാങ്കേതിക ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമമാണിത്, അദ്ദേഹം പറഞ്ഞു.
''ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുന്നതിനുള്ള നാഴികക്കല്ല് കൈവരിക്കുന്നതിന് ഈ കൂട്ടായ പരിശ്രമം തമിഴ്നാടിനെ നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,'' കിം പറഞ്ഞു.
ധാരണാപത്രത്തിന്റെ ഭാഗമായി, ഐഐടി-മദ്രാസുമായി ചേര്‍ന്ന് 180 കോടി രൂപ മുതല്‍മുടക്കില്‍ ഹ്യുണ്ടായ് 'ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ഹബ്' സ്ഥാപിക്കും. ഹൈഡ്രജന്‍ ആവാസവ്യവസ്ഥയുടെ പ്രാദേശികവല്‍ക്കരണത്തിനുള്ള ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള ഒരു ഇന്‍കുബേഷന്‍ സെല്ലായി ഇത് പ്രവര്‍ത്തിക്കും.
ഈ സംരംഭം മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുകയും നൈപുണ്യ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയ്ക്ക് തമിഴ്നാട്ടില്‍ നിര്‍മ്മാണ അടിത്തറയുണ്ട്. ചെന്നൈയ്ക്ക് സമീപമുള്ള നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം 8 ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കുന്നു.