4 Sep 2023 10:55 AM GMT
Summary
- എലവേറ്റിന്റെ വിലയാണ് വിപണിയെ ഞെട്ടിച്ചിരിക്കുന്നത്
- ഇന്ത്യയിലാണ് ഹോണ്ട ആദ്യമായി എലവേറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്
മിഡ്-സൈസ് വിഭാഗത്തില്‍ ഹോണ്ട പുതിയ എസ് യു വി എലവേറ്റ് നിരത്തിലെത്തിച്ചു. വില 10,99,900 രൂപ (ഡല്‍ഹി എക്‌സ് ഷോറൂം) മുതല്‍. ഉയര്‍ന്ന മോഡലിന്റെ വില 15,99,900 രൂപ. ഇന്ത്യയിലാണ് ഹോണ്ട ആദ്യമായി എലവേറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്.
മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമായിരിക്കും വിപണിയിലെത്തുക. ഭാവിയില്‍ എലവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിക്കാനും ഹോണ്ട ഉദ്ദേശിക്കുന്നു.
4312 എംഎം നീളം, 1790 എംഎം വീതി, 1650 എംഎം ഉയരം, 2,650 എംഎം വീല്‍ബേസ്, 220 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 458 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നിവയാണ് എലവേറ്റിനുള്ളത്.
കരുത്തന്മാരുടെ ഹബ്ബാണ് ഇന്ത്യന്‍ എസ് യു വി വിപണി. മഹീന്ദ്ര ഥാര്‍, ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈ റൈഡര്‍ തുടങ്ങിയ വമ്പന്മാര്‍ വാഴുന്ന വിഭാഗത്തിലേക്കാണ് എലവേറ്റുമായി ജാപ്പനീസ് ബ്രാന്‍ഡ് എത്തുന്നത്.
എലവേറ്റിന്റെ വിലയാണ് വിപണിയെ ഞെട്ടിച്ചിരിക്കുന്നത്. പതിനൊന്നു ലക്ഷം രൂപയിലാണ് (എക്‌സ് ഷോറൂം) വില ആരംഭിക്കുന്നത്.
എസ് വി, വി,വിഎക്സ്, ഇസഡ് എക്സ് എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് എലവേറ്റ് വിപണിയിലെത്തിയിരിക്കുന്നത്.
എസ് വി മാത്രമാണ് മാന്വല്‍. ബാക്കിയുള്ള മൂന്ന് വകഭേദങ്ങളും ഓട്ടോമാറ്റിക്കാണ്.
എന്‍ട്രി ലെവല്‍ എസ് വി യില്‍ എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 17 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നീ ഫീച്ചറുകളുണ്ട്.
ഇന്ത്യയിലെ ഹോണ്ടയുടെ ബിസിനസ്സിന്റെ പ്രധാന ഘടകമായി മാറാനുള്ള ശക്തി മിഡ്-സൈസ് എസ് യു വി വിഭാഗത്തിനുണ്ടെന്നാണു കണക്കാക്കുന്നത്. രാജ്യത്തെ മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ എസ് യു വി വിഭാഗത്തിന്റെ പങ്ക് 2022-23 ല്‍ 48 ശതമാനമായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 43 ശതമാനമായിരുന്നു.