image

9 Oct 2023 10:03 AM GMT

Automobile

പവന്‍ മുന്‍ജലിനെതിരെ എഫ്‌ഐആര്‍; ഹീറോയുടെ ഓഹരി ഇടിഞ്ഞു

MyFin Desk

pawan munjal heros stock tumbled
X

Summary

ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരികള്‍ 3.55 ശതമാനത്തോളം ഇടിഞ്ഞു


ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ പവന്‍ മുന്‍ജലിനെതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഹീറോ മോര്‍ട്ടോകോര്‍പ്പിന്റെ ഓഹരി ഇടിഞ്ഞു.

ഒക്ടോബര്‍ 9-ന് ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി 2.50 ശതമാനം ഇടിഞ്ഞ് 2,962 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാജ ബില്ലുകള്‍ നിര്‍മിച്ച് ആദായ നികുതി വകുപ്പില്‍ സമര്‍പ്പിച്ച് സേവന നികുതിയില്‍ നിന്ന് ആനുകൂല്യം നേടിയതിന്റെ പേരിലാണു നടപടിയെന്നു പൊലീസ് പറഞ്ഞു.

പവന്‍ മുന്‍ജലിനു പുറമെ നാല് പേര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, അക്കൗണ്ടിംഗ് രേഖകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതായിട്ടാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 5.96 കോടി രൂപയുടെ തിരിമറി അക്കൗണ്ടില്‍ നടത്തിയെന്നാണ് മുന്‍ജലിനെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്ന കുറ്റം. വ്യാജ ബില്ലുകളിലൂടെ 55.5 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പും മുന്‍ജല്‍ നടത്തിയതായി ആരോപണമുണ്ട്.

ബ്രെയിന്‍സ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൊമോട്ടര്‍ രൂപ് ദര്‍ശന്‍ പാണ്ഡെയുടെ പരാതിയിലും, കോടതിയുടെ ഉത്തരവിനെ തുടര്‍ന്നുമാണു കേസെടുത്തിരിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 69-കാരനായ മുന്‍ജലിന്റെ ഡല്‍ഹിയിലും ഗുരുഗ്രാമിലുമുള്ള വസതിയിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തുകയും മുന്‍ജലുമായി അടുത്തു ബന്ധമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നും 25 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.