5 Oct 2023 6:58 AM GMT
ബുക്കിംഗിലും ഹീറോ ! കരിസ്മയ്ക്ക് ലഭിച്ചത് 13,688 ബുക്കിംഗ്, ഹീറോ ഓഹരി 2% ഉയര്‍ന്നു
MyFin Desk
Summary
ഈ മാസം മുതല്‍ കരിസ്മ എക്‌സ്എംആറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്
മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി വില ഒക്ടോബര്‍ 5-ന് രാവിലെ രണ്ട് ശതമാനം ഉയര്‍ന്ന് 3,048 രൂപയിലെത്തി.
ഈ വര്‍ഷം ഓഗസ്റ്റ് 29ന് ലോഞ്ച് ചെയ്ത ഹീറോ മോട്ടോകോര്‍പ്പിന്റെ കരിസ്മ എക്‌സ്എംആറിന് സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 13,688 ബുക്കിംഗുകള്‍ ലഭിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഓഹരി മുന്നേറിയത്.
ഈ മാസം മുതല്‍ കരിസ്മ എക്‌സ്എംആറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഉത്സവസീസനായതിനാല്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
കരിസ്മ എക്‌സ്എംആറില്‍ 210 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 25.5 പിഎസ് @ 9250 ആര്‍പിഎം പവറും 20.4 എന്‍എം @ 7250 ആര്‍പിഎം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഈ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.
43 കെഎംപിഎച്ച് ഹൈ സ്പീഡ്, 11 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്, 163.5 കെര്‍ബ് ഭാരവും, 0.60 കെഎംപിഎല്‍ മൈലേജും, ട്യുബ് ലെസ് ടയറും മറ്റ് സവിശേഷതകളാണ്.
മൂന്ന് നിറങ്ങളില്‍ കരിസ്മ ലഭ്യമാണ്. ഐക്കോണിക് യെല്ലോ, ടര്‍ബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നിവയാണു മൂന്ന് നിറങ്ങള്‍.