12 Jan 2024 9:56 AM GMT
Summary
- നിലവില്‍ 12.5 ലക്ഷം കോടി രൂപയാണ് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ മൂല്യം
- കയറ്റുമതിയിലൂടെ 4 ലക്ഷം കോടി രൂപ ലഭിക്കുന്ന വ്യവസായമാണിത്
- ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പലമടങ്ങ് വർധിച്ചു
ഗാന്ധിനഗര്‍: ഇന്ത്യയെ ലോകത്തിലെ ഒന്നാമത്തെ ഓട്ടോമൊബൈല്‍ നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ദൗത്യമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
വാഹന മേഖലയെ 25 ലക്ഷം കോടി രൂപയുടെ വ്യവസായമാക്കി മാറ്റാനും ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ നിക്ഷേപിക്കാനും വാഹന നിര്‍മ്മാതാക്കളോട് മന്ത്രി ആവശ്യപ്പെട്ടു.
5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയും സ്വാശ്രയ ഇന്ത്യയും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് കീഴില്‍, ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.
മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ മേഖല ലോകത്ത് ഏഴാം സ്ഥാനത്തായിരുന്നുവെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. നിലവില്‍ 12.5 ലക്ഷം കോടി രൂപയാണ് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ മൂല്യം.
കയറ്റുമതിയിലൂടെ 4 ലക്ഷം കോടി രൂപ ലഭിക്കുന്ന വ്യവസായമാണിത്. ഇതിനകം 4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ജിഎസ്ടിയുടെ ഭാഗമായി പരമാവധി വരുമാനം നല്‍കാനും ഓട്ടോമൊബൈല്‍ മേഖലയ്ക്ക് സാധിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പലമടങ്ങ് വര്‍ധിച്ചതായും സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് പ്രയോജനം ലഭിക്കുന്നതായും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളും അവയുടെ നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫെയിം സ്‌കീം, ഓട്ടോ, അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററിക്കുള്ള പിഎല്‍ഐകള്‍ തുടങ്ങി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു.
പിഎല്‍ഐ സ്‌കീമിന് കീഴിലുള്ള ഇന്ത്യയില്‍ എസിസി ബാറ്ററിയുടെ ഉത്പാദനം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.