image

15 Nov 2024 9:56 AM GMT

Automobile

ഉത്സവ സീസണ്‍; വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ കുതിപ്പ്

MyFin Desk

festive season boosted vehicle sales
X

Summary

  • റീട്ടെയില്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധന
  • 42 ദിവസത്തെ സീസണില്‍ 4.29 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടു
  • ഈ ഫെസ്റ്റിവല്‍ സീസണില്‍ വിറ്റഴിച്ചത് 3.31 ദശലക്ഷം ഇരുചക്രവാഹനങ്ങള്‍


ഫെസ്റ്റിവല്‍ സീസണിലെ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധന. ശക്തമായ വളര്‍ച്ചക്ക് ഇരുചക്രവാഹന വില്‍പ്പന മികച്ച പിന്തുണ നല്‍കി.

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (FADA) കണക്കനുസരിച്ച്, 42 ദിവസത്തെ സീസണില്‍ 4.29 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടു. 2023-ല്‍ ഇത് 3.84 ദശലക്ഷമായിരുന്നു. നവരാത്രിയുടെ ആദ്യ ദിവസം ആരംഭിച്ച സീസണ്‍ ധന്തേരാസിന് 15 ദിവസത്തിന് ശേഷം (ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 13 വരെ) അവസാനിച്ചു.

ഈ ഫെസ്റ്റിവല്‍ സീസണില്‍ 3.31 ദശലക്ഷം ഇരുചക്രവാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായത്. ഗ്രാമീണ ഡിമാന്‍ഡ് ഇരുചക്ര വാഹന വില്‍പ്പനയെ വര്‍ധിപ്പിച്ചു. അതേസമയം നവംബറില്‍ എല്ലാ വാഹനങ്ങളുടെയും കണക്കാക്കിയ ഇന്‍വെന്ററി ലെവലിനെക്കുറിച്ച് FADA ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 7.1 ശതമാനം വര്‍ധിച്ച് 603,000 യൂണിറ്റിലെത്തി. 2023ലെ ഫെസ്റ്റിവല്‍ സീസണില്‍ 563,000 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്. മുച്ചക്ര വാഹന വില്‍പ്പന 14 ശതമാനം വര്‍ധിച്ച് 160,000 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇത് 150,000 ആയിരുന്നു.

ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സീസണില്‍ 129,000 വാണിജ്യ വാഹനങ്ങള്‍ വിറ്റഴിച്ചു, കഴിഞ്ഞ വര്‍ഷത്തെ 127,000 യൂണിറ്റുകളില്‍ നിന്ന് 1 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ട്രാക്ടര്‍ വില്‍പ്പന 2 ശതമാനം കുറഞ്ഞ് 85,216 യൂണിറ്റായി. മുന്‍വര്‍ഷം ഇത് 86,640 യൂണിറ്റായിരുന്നു.

നവംബര്‍ അവസാനിക്കുമ്പോള്‍ ഇന്‍വെന്ററിയെക്കുറിച്ചുള്ള പൂര്‍ണ്ണമായ ഒരു ചിത്രം പുറത്തുവരുമെന്ന് ഫാഡ പറഞ്ഞു. അതുപോലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന 4.8 ദശലക്ഷം വിവാഹങ്ങള്‍ വില്‍പ്പനയെ സഹായിക്കുമെന്ന് ഡീലര്‍മാര്‍ കണക്കുകൂട്ടുന്നു.