6 April 2024 6:08 AM GMT
Summary
- 2024 സാമ്പത്തികവര്‍ഷം വിറ്റത് 1.66 ദശലക്ഷം ഇവികള്‍
- ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 500 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്
- ഏപ്രില്‍ മുതല്‍ ജൂലൈ അവസാനം വരെയാണ് പദ്ധതിക്ക് സാധുത
സബ്സിഡിയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പിന്‍ബലത്തില്‍ ഈ വര്‍ഷം ഇന്ത്യയിലെ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) വില്‍പ്പന 66 ശതമാനം ഉയരുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ മൊത്തം പിവി വിപണിയുടെ ഏകദേശം 4 ശതമാനം ഇവി സെഗ്മെന്റ് വളരും.
2030 ആകുമ്പോഴേക്കും ഇന്ത്യയുടെ വ്യക്തിഗത വാഹന വിപണിയുടെ ഏകദേശം മൂന്നിലൊന്ന് ഭാഗവും ഇവികള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.ഇന്ത്യന്‍ ഇവി സെക്ടര്‍ 2024 സാമ്പത്തിക വര്‍ഷം അവസാനിച്ചത് മികച്ച നിലയിലാണ്. എല്ലാവിഭാഗം വാഹനങ്ങളിലും റെക്കോര്‍ഡ് വില്‍പ്പന ഉണ്ടായി. 1.66 ദശലക്ഷം ഇവികള്‍ വിറ്റു. ഫെയിം-II സബ്സിഡി സ്‌കീമില്‍ നിന്ന് പ്രയോജനം നേടാനുള്ള തിരക്ക് കാരണം 197,000 യൂണിറ്റുകള്‍ വിറ്റഴിച്ച് മാര്‍ച്ച് മാസത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് ഉണ്ടായി.
ഫെയിം-II -ന് പകരമായി ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 500 കോടി രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം 2024 അവതരിപ്പിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ അവസാനം വരെയാണ് പദ്ധതിക്ക് സാധുത.
വാഹന്‍ വെബ്സൈറ്റില്‍ നിന്നുള്ള ഡാറ്റ പ്രകാരം, 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ, ഇന്ത്യ 1,665,270 ഇവികള്‍ വാങ്ങുകയും, ശരാശരി 4,562 ഇവികള്‍ ഓരോ ദിവസവും വിറ്റഴിക്കുകയും ചെയ്തു. ഇത് മുന്‍ വര്‍ഷത്തെ 3,242 പ്രതിദിന വില്‍പ്പനയില്‍ നിന്ന് ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി.
2023-ല്‍ വിപണി വിഹിതത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കൈവശം വച്ചിരുന്ന ടാറ്റ മോട്ടോഴ്സാണ് ഇന്ത്യന്‍ ഇവി വിപണിയിലെ മുന്‍നിര കമ്പനികള്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും (എം ആന്‍ഡ് എം) ബിവൈഡിയും പിന്നാലെയുണ്ട്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അതിന്റെ XUV400 ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം മികച്ച വില്‍പ്പന രേഖപ്പെടുത്തി.
കാറുകള്‍ കൂടാതെ, 29 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ എല്ലാ ഇവി വില്‍പ്പനയുടെ 56 ശതമാനവും ഇരുചക്രവാഹനങ്ങള്‍ കൈവരിച്ചു. അതേസമയം ത്രീ വീലറുകള്‍ 57 ശതമാനം വളര്‍ച്ച കൈവരിച്ച് വില്‍പ്പനയുടെ 38 ശതമാനം ഉണ്ടാക്കി. രാജ്യത്തെ മൊത്തം ഇവി വില്‍പ്പനയുടെ 94 ശതമാനവും ഈ വാഹനങ്ങള്‍ പ്രതിനിധീകരിക്കുന്നു. 2030-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 45 ശതമാനം കുറയ്ക്കുക എന്നത് രാജ്യത്തിന്റെ ലക്ഷ്യമാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ വൈദ്യുത വാഹനങ്ങള്‍ (ഇവി) ഒരു പ്രധാന പങ്ക് വഹിക്കുന്നു. നികുതി ഇളവുകള്‍, സബ്സിഡികള്‍, കുറഞ്ഞ ചരക്ക് സേവന നികുതി നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന അനുകൂല സര്‍ക്കാര്‍ നയങ്ങളാണ് ഇവികളുടെ സ്വീകാര്യതയെ ഉത്തേജിപ്പിക്കുന്നത്.
2030-ഓടെ, 100 ബില്യണ്‍ ഡോളര്‍ വരെ വരുമാനം ഉണ്ടാക്കാന്‍ ശേഷിയുള്ള വാഹന വിപണിയുടെ ഗണ്യമായ ഒരു വിഭാഗമായി ഇവികള്‍ മാറുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.