image

26 July 2024 2:41 AM GMT

Automobile

ഇവി നിര്‍മ്മാണം; കൂടുതല്‍ പ്രാദേശിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തണം

MyFin Desk

indian ev manufacturing
X

Summary

  • നിര്‍ദ്ദിഷ്ട മാറ്റങ്ങളെക്കുറിച്ച് ഫീഡ്ബാക്ക് നല്‍കാന്‍ ഓട്ടോമൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടു
  • നേരിട്ടുള്ള ഇറക്കുമതി ചെയ്യുന്നവര്‍ ആനുകൂല്യത്തിന് യോഗ്യത നേടില്ല


ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ കൂടുതല്‍ പ്രാദേശിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ സബ്സിഡി സ്‌കീമിന് യോഗ്യത നേടുന്നതിന് ഇവി നിര്‍മ്മാതാക്കള്‍ക്ക് കര്‍ശനമായ പ്രാദേശികവല്‍ക്കരണം ആവശ്യമായി വരുന്ന ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണ പരിപാടി ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ചര്‍ച്ച ചെയ്യുകയാണ്.

പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്ന പവര്‍, കണ്‍ട്രോള്‍ വയറിംഗ് ഹാര്‍നസുകള്‍, കണക്ടറുകള്‍, മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍, ഇലക്ട്രിക് സുരക്ഷാ ഉപകരണങ്ങള്‍, ലൈറ്റിംഗ്, ബോഡി പാനലുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇനി ആഭ്യന്തരമായി നിര്‍മ്മിക്കേണ്ടതുണ്ട്.

കൂടാതെ, ഇവികളുടെ മറ്റെല്ലാ ഭാഗങ്ങളും ഘടകങ്ങളും ഉപ അസംബ്ലികളും ആഭ്യന്തരമായി നിര്‍മ്മിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. നിര്‍ദ്ദിഷ്ട മാറ്റങ്ങളെക്കുറിച്ച് ഫീഡ്ബാക്ക് നല്‍കാന്‍ ഓട്ടോമൊബൈല്‍ (ഓട്ടോ) കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണ പരിപാടിക്കു (പിഎംപി) കീഴിലുള്ള ഘടകങ്ങള്‍ക്കായി, പ്രാദേശികവല്‍ക്കരണത്തിനുള്ള വ്യക്തമായ പാത സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഉദാഹരണത്തിന്, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഇലക്ട്രിക് റിക്ഷകള്‍ എന്നിവയില്‍ സെല്ലും അനുബന്ധ തെര്‍മല്‍, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റങ്ങളും മാത്രമേ ഇറക്കുമതി ചെയ്യാന്‍ കഴിയൂ. ബാറ്ററി മൊഡ്യൂളുകളോ പൂര്‍ണ്ണമായ ബാറ്ററി പായ്ക്കുകളോ പൂര്‍ണ്ണമായ രൂപത്തില്‍ അനുവദിക്കില്ല. ബാറ്ററി പായ്ക്ക് കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യമായ മറ്റെല്ലാ ഭാഗങ്ങളും ആഭ്യന്തരമായി വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്യണം.

ഓണ്‍ബോര്‍ഡ് ചാര്‍ജറുകള്‍ക്ക്, അര്‍ദ്ധചാലക ഉപകരണവും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രമേ ഇറക്കുമതി ചെയ്യാം. പൂര്‍ത്തിയായ ഉല്‍പ്പന്നത്തിന്റെ അസംബ്ലി ഉള്‍പ്പെടെയുള്ള മറ്റെല്ലാ ഘടകങ്ങളും (ഇലക്ട്രോണിക്സിന്റെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് (പിസിബി) നിര്‍മ്മാണവും സോള്‍ഡറിംഗും പോലുള്ളവ) ആഭ്യന്തരമായി ചെയ്യണം.

വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റുകളുടെയും ഡയറക്ട് കറന്റ് (ഡിസി)-ടു-ഡിസി കണ്‍വെര്‍ട്ടറുകളുടെയും കാര്യത്തില്‍, അര്‍ദ്ധചാലക ഉപകരണങ്ങളും ഇലക്ട്രോണിക് ഘടകങ്ങളും ഇറക്കുമതി ചെയ്യാം. പിസിബി നിര്‍മ്മാണം ഉള്‍പ്പെടെയുള്ള മറ്റെല്ലാ ഭാഗങ്ങളും ആഭ്യന്തരമായി തന്നെ ലഭ്യമാക്കണം.

ഫിനിഷ്ഡ് പാര്‍ട്സ് ഇറക്കുമതി ചെയ്യുന്ന പ്രാദേശിക വിതരണക്കാര്‍, വിദേശ സ്രോതസ്സുകളില്‍ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി ചെയ്യുന്നവര്‍ ആനുകൂല്യത്തിന് യോഗ്യത നേടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.