image

3 Jan 2025 10:15 AM GMT

Automobile

ഇവി വികസനം; കമ്പനികള്‍ കേന്ദവുമായി ചര്‍ച്ച നടത്തി

MyFin Desk

ev development, companies hold talks with central govt
X

Summary

  • ടാറ്റ, ടിവിഎസ്, മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എന്നിവയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
  • സ്വാപ്പിംഗ് സ്റ്റേഷനുകളുടെ സ്ഥാനം, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, നിലവാരം എന്നിവയിലെ ആശങ്കകള്‍ സര്‍ക്കാരിനെ അറിയിച്ചു
  • ഇലക്ട്രിക് വാഹന വിപണി വാര്‍ഷിക വില്‍പ്പനയില്‍ ഒരു കോടി യൂണിറ്റായി വളരുമെന്ന് പ്രതീക്ഷ


ബാറ്ററി ചാര്‍ജിംഗ് വികസനം, സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഷയങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) കമ്പനികള്‍ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി.

ടാറ്റ, ടിവിഎസ്, മെഴ്സിഡസ് ബെന്‍സ് ഇന്ത്യ എന്നിവയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരു വ്യവസായ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സ്വാപ്പിംഗ് സ്റ്റേഷനുകളുടെ സ്ഥാനം, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, നിലവാരം എന്നിവയില്‍ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ആഗോള ഇവി നിര്‍മ്മാതാക്കളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമത്തില്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ ഒരു ഇലക്ട്രിക് വാഹന നയം പുറത്തിറക്കി. അതിന് കീഴില്‍ കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ രാജ്യത്ത് നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഡ്യൂട്ടി ഇളവുകള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഏപ്രിലില്‍, മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര, കിയ, സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ, റെനോ തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രമുഖ നിര്‍മ്മാതാക്കളുടെയും പ്രതിനിധികള്‍ പങ്കെടുത്ത ഒരു സ്റ്റേക്ക്ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗും നടന്നിരുന്നു.കൂടാതെ, ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയെ പ്രതിനിധീകരിച്ച് ഒരു ഉപദേഷ്ടാവും ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യയിലെ അതിവേഗം വളരുന്ന ഇവി വിപണി ആഗോള കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. 2022-23 സാമ്പത്തിക സര്‍വേ പ്രകാരം 2030 ഓടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി വാര്‍ഷിക വില്‍പ്പനയില്‍ ഒരു കോടി യൂണിറ്റായി വളരുമെന്നും പ്രത്യക്ഷമായും പരോക്ഷമായും അഞ്ച് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വ്യവസായ കണക്കുകള്‍ പ്രകാരം, 2022 ല്‍ ഇന്ത്യയിലെ മൊത്തം ഇവി വില്‍പ്പന ഏകദേശം 10 ലക്ഷം യൂണിറ്റായിരുന്നു. ഇന്ത്യയില്‍, പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ടാറ്റ മോട്ടോഴ്സാണ് മുന്‍നിരയിലുള്ളത്. കമ്പനിയുടെ നിലവിലെ ഇവി പോര്‍ട്ട്ഫോളിയോയില്‍ നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി, ടിഗോര്‍ ഇവി എന്നിവ ഉള്‍പ്പെടുന്നു.

FAME-II സ്‌കീമിന് കീഴില്‍ രാജ്യത്തുടനീളം 10,763 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ്, ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.