22 March 2024 6:31 AM GMT
Summary
- രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചകമായും ഓട്ടോ മേഖല
- 2029-ൽ കാറുകളുടെ വിപണി മൂല്യം 54 ബില്യൺ ഡോളർ എത്തുമെന്നാണ് കണക്കാക്കുന്നത്
- ഫെയിം II പദ്ധതി (FAME 2) പ്രകാരം, ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സർക്കാർ 9.8 കോടി ഡോളർ അനുവദിച്ചു
ഇന്ത്യൻ സമ്പദ്ഘടനയുടെ നാഡിമിടിപ്പ് പോലെ പ്രവർത്തിക്കുന്ന ഒരു വ്യവസായമാണ് ഓട്ടോമൊബൈൽ. സാമ്പത്തിക രംഗത്തെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിക്കുന്ന ഈ മേഖല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചകമായും കണക്കാക്കുന്നു. നിലവിൽ, ജനസംഖ്യയിൽ വലിയൊരു ശതമാനവും യുവാക്കളും മിഡിൽ-ക്ലാസ് ആയതുകൊണ്ട് ഇരുചക്രവാഹന വിഭാഗത്തിന്റെ വിപണി വിഹിതം ക്രമാനുഗതമായി വർദ്ധിച്ചുവരുന്നു. ഗ്രാമീണ മേഖലകളിലേക്ക് കൂടുതൽ കമ്പനികൾ എത്തുന്നതും വിൽപ്പനയുടെ വളർച്ചയ്ക്ക് കാരണമായി. നിലവിൽ 300 ബില്യൺ ഡോളർ വലിപ്പമുള്ള ഈ വിപണി 2029-ൽ 347 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായതു 3.30 ശതമാനത്തിന്റെ CAGR (സംയുക്ത വാർഷിക) വളർച്ച.
ഇരുചക്ര വാഹനങ്ങൾക്കൊപ്പം, കാറുകളുടെ വിപണിയും വളർച്ച പ്രതീക്ഷിക്കുന്ന ഒന്നാണ്. 2024-ൽ ഈ സെഗ്‌മെന്റിന്റെ വിപണി മൂല്യം 39.82 ബില്യൺ ഡോളറായിരുന്നു. 2029-ൽ, 5.9 ശതമാനത്തിന്റെ വളർച്ചയോടെ 54 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുത കാറുകളുടെ വിപണി മൂല്യം 2025-ൽ ഏകദേശം 7.1 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. മധ്യവർഗ്ഗക്കാരുടെ വരുമാനം വർധിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം വർധിച്ചതും വൈദ്യുതി കാറുകളുടെ വിപണി വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു.
വർധിച്ചു വരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനായി കമ്പനികൾ നിക്ഷേപം ആരംഭിച്ചു കഴിഞ്ഞു. 2000 ഏപ്രിൽ മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഈ മേഖലയ്ക്ക് ഏകദേശം 35.40 ബില്യൺ ഡോളർ വിദേശ നിക്ഷേപം (FDI) ലഭിച്ചു. കൂടാതെ, അടുത്ത ആറ് വർഷത്തിനുള്ളിൽ ഇന്ത്യയുടെ വൈദ്യുത വാഹന വിപണി ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത 8-10 വർഷങ്ങളിൽ 200 ബില്യൺ ഡോളറിലധികം നിക്ഷേപ അവസരങ്ങളും ഇവിടെ പ്രതീക്ഷിക്കപ്പെടുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാഹന നിർമ്മാതാക്കളുടെ ഡിമാൻഡ് നിറവേറ്റുന്നതിന് സർക്കാരും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2023 ജനുവരിയിൽ ഫെയിം II പദ്ധതി (FAME 2) പ്രകാരം, ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സർക്കാർ 9.8 കോടി ഡോളർ അനുവദിച്ചു. ടാറ്റ മോട്ടോഴ്സ്, സുസുക്കി മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ പ്രധാന കമ്പനികൾക്ക് പിഎൽഐ പദ്ധതി വഴി 6 ബില്യൺ ഡോളറാണ് നിക്ഷേപത്തിനായി ലഭിച്ചത്.
കാറുകളുടെയും അവയുടെ ഘടകങ്ങളുടെയും ഡിമാൻഡ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഓട്ടോമൊബൈൽ വ്യവസായത്തിനൊപ്പം ഓട്ടോ ഘടകങ്ങളുടെ വിപണിയും ഗണ്യമായ വളർച്ചയാണ് ഈ കാലയളവിൽ കൈവരിച്ചത്. ഓട്ടോമൊബൈൽ ഘടക വ്യവസായം 15 ലക്ഷം പേർക്ക് തൊഴിൽ നൽകുകയും ഇന്ത്യയുടെ ജിഡിപിയിൽ 2.3 ശതമാനം സംഭാവന നൽകുകയും ചെയ്യുന്നു. ഓട്ടോമൊബൈൽ ഘടക നിർമ്മാതാക്കളുടെ അസോസിയേഷൻ (ACMA), 2026-ൽ ഈ മേഖല ഇന്ത്യയുടെ ജിഡിപിയുടെ 5-7 ശതമാനം വരും എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇന്ത്യ 30 ബില്യൺ ഡോളറിൻ്റെ ഓട്ടോ ഘടകങ്ങൾ കയറ്റുമതി ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ഈ സെഗ്മെന്റിൽ ഇൻക്രെട് ഇക്വിറ്റീസിന്റെ ശ്രദ്ധയിൽ ഉൾപ്പെട്ട ഓഹരികൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും സംവർദ്ധന മദർസൺ ഇൻ്റർനാഷണലുമാണ്. ബ്രോക്കറേജ് മാർച്ച് 17-ന് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ആദ്യത്തെ അഞ്ച് വർഷം പ്രീമിയം കാറുകളുടെ നിർമ്മാണത്തിന് സർക്കാർ നൽകുന്ന ഇൻസെന്റീവുകൾ ഈ മേഖലയെ ഉത്തേജിപ്പിക്കും.
കേന്ദ്ര സർക്കാരിന്റെ ഇ-വെഹിക്കിൾ നയമനുസരിച്ച് ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 41.50 ബില്യൺ രൂപ നിക്ഷേപം ആവശ്യമാണ് എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. കൂടാതെ മൂന്ന് വർഷത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു വ്യാവസായിക ഉല്പാദനം തുടങ്ങണമെന്നും ഈ നയം അനുശാസിക്കുന്നു. ഒപ്പം തന്നെ പ്രവർത്തനം ആരംഭിച്ച് അഞ്ചു വർഷത്തിനുള്ളിൽ ഡൊമസ്റ്റിക് വാല്യൂ അഡിഷനും 50 ശതമാനത്തിലെത്തണം.
ഇൻക്രെഡിലെ വിശകലന വിദഗ്ദർ പറയുന്നതനുസരിച്ച്, "മഹീന്ദ്ര-വോൾക്സ്‌വാഗൺ അല്ലെങ്കിൽ ജെഎസ്‌ഡബ്ല്യു-എംജി എന്നിവർ പ്രീമിയം ഇലക്ട്രിക് കാറുകളുടെ നിർമ്മാണ ശേഷി വികസിപ്പിച്ചെടുത്താൽ പ്രയോജനം നേടാം. പ്രതിവർഷം അനുവദനീയമായ 8,000 കാറുകൾ എന്ന പരിധി നിലവിലുള്ള കമ്പനികൾക്ക് വലിയ ഭീഷണിയാകില്ല." എന്നിരുന്നാലും, മെഴ്‌സിഡസ്, ബിഎംഡബ്ല്യു തുടങ്ങിയ മറ്റ് കമ്പനികൾക്ക് അവരുടെ വൈദ്യുത കാറുകളും ഇൻ്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങളും ഉയർന്ന ഡ്യൂട്ടിയിൽ ഇറക്കുമതി ചെയ്യുന്നതിനാൽ അവർക്കിത് പ്രതീകൂലമായി ബാധിച്ചേക്കാം.
കൂടാതെ, ഇതിനകം തന്നെ വൈദ്യുത കാറുകൾക്ക് ഘടകങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കും ഈ നയം നേരിട്ട് ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നു. നൂതന സാങ്കേതികവിദ്യകളിലേക്ക് വേഗത്തിൽ മാറുന്നതിനു ഈ പദ്ധതി സാമിൽ(SAMIL), ഭാരത് ഫോർജ്, എൻഡ്യൂറൻസ് ടെക്നോളജീസ് തുടങ്ങിയ കമ്പനികളെ സഹായിക്കും. ഇത് 5 വർഷത്തിനുള്ളിൽ 50 ശതമാനം പ്രാദേശികവൽക്കരണം നേടുന്നതിന്നും സഹായിക്കും.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല