image

16 Oct 2023 12:23 PM GMT

Automobile

ഓട്ടോമൊബൈല്‍ കയറ്റുമതിയില്‍ ഇടിവ്

MyFin Desk

decline in automobile exports
X

Summary

  • വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ,സാമ്പത്തിക പ്രതിസന്ധികള്‍ കാരണമായി
  • പാസഞ്ചര്‍ വെഹിക്കിള്‍ കയറ്റുമതി വര്‍ധിച്ചു
  • വാണിജ്യ വാഹന കയറ്റുമതിയും ഇടിഞ്ഞു


നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ കയറ്റുമതി 17 ശതമാനം ഇടിഞ്ഞതായി വാഹനനിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്സ് ( സിയാം) അറിയിച്ചു. വിവിധ രാജ്യങ്ങളിലുണ്ടായ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളാണ് ഇതിനുകാരണമായത് എന്നാണ് വിലയിരുത്തല്‍.

മുന്‍ വര്‍ഷമിതേ കാലയളവിലെ 26,80,527 യൂണിറ്റുകളെ അപേക്ഷിച്ച്, നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസങ്ങളില്‍ മൊത്തം കയറ്റുമതി 22,11,457 യൂണിറ്റായി കുറഞ്ഞു.

അതേസമയം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) കയറ്റുമതി വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പാസഞ്ചര്‍ വാഹന കയറ്റുമതി 5 ശതമാനം ഉയര്‍ന്ന് 3,36,754 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,20,506 യൂണിറ്റായിരുന്നു. അതേസമയം 2022-23 ഏപ്രില്‍-സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവലോകന കാലയളവില്‍ ഇരുചക്ര, മുച്ചക്ര, വാണിജ്യ വാഹന കയറ്റുമതി കുറഞ്ഞു.

വാണിജ്യ വാഹന കയറ്റുമതി 2023 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 31,864 യൂണിറ്റായി കുറഞ്ഞു. മുന്‍ വര്‍ഷമിതേ കാലയളവിലെ 42,306 യൂണിറ്റുകളില്‍ നിന്ന് 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇരുചക്രവാഹന കയറ്റുമതി 20 ശതമാനം ഇടിഞ്ഞ് 16,85,907 യൂണിറ്റിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ ഇത് 21,04,845 യൂണിറ്റായിരുന്നു. മുച്ചക്ര വാഹന കയറ്റുമതിയും മുന്‍വര്‍ഷത്തെ 2,12,126 യൂണിറ്റില്‍ നിന്ന് 1,55,154 യൂണിറ്റായി കുറഞ്ഞു.

പ്രധാനമായും രണ്ട് കാരണങ്ങളാല്‍ കയറ്റുമതി സമ്മര്‍ദ്ദത്തിലാണെന്ന് സിയാം പ്രസിഡന്റ് വിനോദ് അഗര്‍വാള്‍ പറഞ്ഞു. ആഗോളരാഷ്ട്രീയ പ്രശ്നങ്ങളും ചില മേഖലകളിലെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സമ്മര്‍ദ്ദവുമാണ് കയറ്റുമതിക്കു ഭീഷണിയാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.