image

7 Jan 2025 5:23 AM GMT

Automobile

പ്രതിസന്ധികള്‍ക്കിടയിലും വാഹന വില്‍പ്പന ഉയരുന്നു

MyFin Desk

vehicle sales rise despite crisis
X

Summary

  • റീട്ടെയില്‍ വില്‍പ്പനയില്‍ 9ശതമാനം വര്‍ധനയെന്ന് ഫാഡ
  • കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ വാഹന രജിസ്‌ട്രേഷന്‍ 2,61,07,679 യൂണിറ്റായി ഉയര്‍ന്നു
  • ഇരുചക്രവാഹന വില്‍പ്പനയില്‍ 11 ശതമാനം വളര്‍ച്ച


കഴിഞ്ഞ വര്‍ഷം ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പന 9 ശതമാനം വര്‍ദ്ധിച്ചതായി ഡീലര്‍മാരുടെ ബോഡി എഫ് എ ഡി എ (ഫാഡ). ഇരുചക്രവാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കുമുള്ള മികച്ച ഡിമാന്‍ഡാണ് ഇതിനു കാരണമായത്.

മൊത്തത്തിലുള്ള വാഹന രജിസ്‌ട്രേഷന്‍ 2023 കലണ്ടര്‍ വര്‍ഷത്തില്‍ 2,39,28,293 യൂണിറ്റില്‍ നിന്ന് 2,61,07,679 യൂണിറ്റായി ഉയര്‍ന്നു.

''2024 സാമ്പത്തിക വര്‍ഷത്തില്‍ ഉഷ്ണതരംഗങ്ങള്‍, കേന്ദ്ര-സംസ്ഥാന തലങ്ങളിലെ തിരഞ്ഞെടുപ്പുകള്‍, ക്രമരഹിതമായ മണ്‍സൂണ്‍ തുടങ്ങിയവ ഉണ്ടായിരുന്നിട്ടും ഓട്ടോ റീട്ടെയില്‍ വ്യവസായം വളര്‍ച്ച കൈവരിച്ചു'',ഫാഡ പ്രസിഡന്റ് സി എസ് വിഘ്‌നേശ്വര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇരുചക്രവാഹന വിഭാഗത്തില്‍, മെച്ചപ്പെട്ട വിതരണം, പുത്തന്‍ മോഡലുകള്‍, ശക്തമായ ഗ്രാമീണ ഡിമാന്‍ഡ് എന്നിവ വളര്‍ച്ചക്ക് കാരണമായി. എന്നിരുന്നാലും സാമ്പത്തിക പരിമിതികളും വര്‍ദ്ധിച്ചുവരുന്ന ഇവികളും വിപണിയില്‍ മത്സരവും വെല്ലുവിളികളും ഉയര്‍ത്തിയതായി അദ്ദേഹം പറഞ്ഞു.

പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വിഭാഗത്തിന് ശക്തമായ നെറ്റ്വര്‍ക്ക് വിപുലീകരണവും ഉല്‍പ്പന്ന ലോഞ്ചുകളും ഗുണം ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

പിവി വില്‍പ്പന കഴിഞ്ഞ വര്‍ഷം 40,73,843 യൂണിറ്റായിരുന്നു, 2023 ലെ 38,73,381 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 5 ശതമാനം വര്‍ധനയാണ് ഇത് കാണിക്കുന്നത്. ഇരുചക്രവാഹന വില്‍പ്പന 2023ലെ 1,70,72,932 യൂണിറ്റില്‍ നിന്ന് 2024ല്‍ 11 ശതമാനം ഉയര്‍ന്ന് 1,89,12,959 യൂണിറ്റായി.

ത്രീ വീലര്‍ രജിസ്ട്രേഷന്‍ വര്‍ഷം തോറുമുള്ള കണക്കില്‍ 11 ശതമാനം ഉയര്‍ന്ന് 12,21,909 യൂണിറ്റായി. ട്രാക്ടര്‍ വില്‍പ്പന 3 ശതമാനം വര്‍ധിച്ച് 8,94,112 യൂണിറ്റിലെത്തി, വാണിജ്യ വാഹന വില്‍പ്പന 2024 ല്‍ 10,04,856 യൂണിറ്റായി തുടര്‍ന്നു.

ബിസിനസ്സ് വീക്ഷണത്തില്‍, ഇരുചക്രവാഹന വിഭാഗത്തില്‍, ഗ്രാമീണ വരുമാനം വര്‍ദ്ധിക്കുന്നതും, പുതിയ മോഡല്‍ അവതരണങ്ങളും, വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുമെന്ന് എഫ്എഡിഎ അഭിപ്രായപ്പെട്ടു. ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങള്‍, സ്ഥിരമായ വായ്പ ലഭ്യത, ഗവണ്‍മെന്റ് ഇന്‍സെന്റീവുകള്‍ എന്നിവയില്‍ നിന്നാണ് സിവി മേഖല ആക്കം തേടുന്നത്.

2024 ഡിസംബറില്‍ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പന 12 ശതമാനം ഇടിഞ്ഞ് 17,56,419 യൂണിറ്റായിരുന്നു. ഇരുചക്ര വാഹന രജിസ്‌ട്രേഷന്‍ 2023 ഡിസംബറിലെ 14,54,353 യൂണിറ്റില്‍ നിന്ന് 18 ശതമാനം ഇടിഞ്ഞ് 11,97,742 യൂണിറ്റായി.പിവി റീട്ടെയില്‍ വില്‍പ്പനയും 2023 ഡിസംബറിലെ 2,99,351 യൂണിറ്റില്‍ നിന്ന് 2 ശതമാനം ഇടിഞ്ഞ് 2,93,465 യൂണിറ്റിലെത്തി.

മോശം വിപണി വികാരം, പരിമിതമായ പുതിയ മോഡല്‍ ലോഞ്ചുകള്‍, കോ-ഡീലര്‍മാര്‍ തമ്മിലുള്ള കടുത്ത വില മത്സരം എന്നിവ വില്‍പ്പനയെ കൂടുതല്‍ സ്വാധീനിച്ചു.

മൊത്തത്തില്‍, ചില പ്രതിസന്ധികള്‍ക്കിടയിലും, സ്ഥിരമായ ഉല്‍പ്പന്ന ലഭ്യത, തന്ത്രപരമായ വിപണനം, പിന്തുണയുള്ള സര്‍ക്കാര്‍ നടപടികള്‍ എന്നിവ സമീപകാലത്ത് വില്‍പ്പനയുടെ ആക്കം കൂട്ടുമെന്ന് ഓട്ടോമോട്ടീവ് ഡീലര്‍മാര്‍ പ്രതീക്ഷിക്കുന്നു.