28 Jan 2025 11:34 AM GMT
Summary
- രാജ്യത്ത് വില്‍ക്കപ്പെടുന്ന കമ്പനിയുടെ 14 മോഡലുകളില്‍ 12ലും ഈ സാങ്കേതികവിദ്യ ഉണ്ട്
- 2019ല്‍ രണ്ട് മോഡലുകളില്‍ മാത്രമായിരുന്നു ഈ ഫീച്ചറുകള്‍
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ രാജ്യത്ത് 'കണക്റ്റഡ്' ഫീച്ചറുകളുള്ള 6.75 ലക്ഷം കാറുകള്‍ വിറ്റഴിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 14 മോഡലുകളില്‍ 12 എണ്ണത്തിലും നിലവില്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2019ല്‍ രണ്ട് മോഡലുകളില്‍ മാത്രമായിരുന്നു ആദ്യം കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ഇപ്പോള്‍ കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയുടെ 12 മോഡലുകള്‍ ഈ സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നതായി കമ്പനി അവകാശപ്പെട്ടു. 2019 മുതല്‍, കണക്റ്റഡ് ഫീച്ചറുകളുള്ള മൊത്തം 6,75,204 കാറുകള്‍ ഹ്യുണ്ടായ് വിറ്റഴിച്ചു എന്നാണ് പുതിയ കണക്കുകള്‍. ഇത് ഈ സാങ്കേതികവിദ്യയുടെ ജനപ്രീതി വ്യക്തമാക്കുന്നുവെന്നും കമ്പനി പറയുന്നു. 2019 മുതല്‍ 2024 വരെയുള്ള ആറ് വര്‍ഷത്തിനിടെയാണ് കമ്പനിയുടെ ഈ നേട്ടം.
ഇന്‍-ബില്‍റ്റ് സിം കാറുള്ള എഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമായ ബ്ലൂലിങ്കിലൂടെ കമ്പനി കണക്റ്റഡ് കാര്‍ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായ് ബ്ലൂലിങ്ക് വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍ 2019-ല്‍ 35 ഫീച്ചറുകളില്‍ നിന്ന് 2024-ല്‍ 70-ലധികമായി ഉയര്‍ന്നു. ഐ20, ഐ20 എന്‍ ലൈന്‍, എക്സ്റ്റര്‍, വെന്യു എന്‍ ലൈന്‍, വെര്‍ണ, ക്രെറ്റ, ക്രെറ്റ എന്‍ ലൈന്‍, ക്രെറ്റ ഇവി, അല്‍ക്കാസര്‍, ട്യൂസണ്‍, ഐയോണിക്ക് 5 ഇലക്ട്രിക് എസ്യുവി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഹ്യൂണ്ടായ് ബ്ലൂലിങ്ക്.
ഇന്ത്യയില്‍ എംബഡഡ് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറര്‍ കമ്പനിയാണ് ഹ്യുണ്ടായി എന്ന് എച്ച്എംഐഎല്‍ കോര്‍പ്പറേറ്റ് പ്ലാനിംഗ് ഫംഗ്ഷന്‍ ഹെഡ് ജെ വാന്‍ റ്യൂ പറഞ്ഞു.