12 Dec 2023 8:34 AM GMT
Summary
- ഇരുചക്ര വാഹന വില്‍പ്പനയില്‍ 31 ശതമാനം വളർച്ച
- 2024ലും മികച്ച വളര്‍ച്ച തുടരുമെന്ന് ഓട്ടൊമൊബൈല്‍ വ്യവസായത്തിന് പ്രതീക്ഷ
- നവംബർ മാസത്തിലെ എക്കാലത്തെയും മികച്ച കണക്കാണ് ഇത്തവണത്തേത്
നവംബറിൽ പാസഞ്ചർ വാഹനങ്ങളുടെ മൊത്തവില്‍പ്പനയില്‍ 4 ശതമാനം വർധനയുണ്ടായതായി വ്യാവസായിക സംഘടനയായ സിയാം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കമ്പനികളിൽ നിന്ന് ഡീലർമാർക്ക് വിതരണം ചെയ്ത പാസഞ്ചർ വാഹനങ്ങൾ കഴിഞ്ഞ മാസം 3,34,130 യൂണിറ്റിലേക്ക് ഉയർന്നു, നവംബർ മാസത്തിലെ എക്കാലത്തെയും മികച്ച കണക്കാണിത്. 2022 നവംബറില്‍ 3,22,268 യൂണിറ്റുകളുടെ മൊത്ത വില്‍പ്പനയാണ് നടന്നിരുന്നത്.
ഇരുചക്ര വാഹന വിൽപ്പന കഴിഞ്ഞ മാസം 16,23,399 യൂണിറ്റിലേക്ക് ഉയർന്നു, 2022 നവംബറിലെ 12,36,282 യൂണിറ്റുകളെ അപേക്ഷിച്ച് 31 ശതമാനം വളർച്ച. അതുപോലെ, മുച്ചക്ര വാഹനങ്ങളുടെ വിതരണം 2022 നവംബറിലെ 45,664 യൂണിറ്റുകളെ അപേക്ഷിച്ച് 31 ശതമാനം വർധിച്ച് 59,738 യൂണിറ്റുകളില്‍ എത്തി.
നവംബർ ആദ്യ പാദത്തിൽ അവസാനിച്ച ഉത്സവ സീസണിൽ ഓട്ടോമൊബൈൽ വ്യവസായത്തിലെ എല്ലാ വിഭാഗങ്ങളും മികച്ച വളർച്ച കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) പ്രസിഡന്റ് വിനോദ് അഗർവാൾ പ്രസ്താവനയിൽ പറഞ്ഞു.
ശക്തമായ സാമ്പത്തിക വളർച്ചയുടെ പിൻബലത്തിൽ, 2023 വർഷം മികച്ച രീതിയിൽ അവസാനിപ്പിക്കുമെന്നതില്‍ ഓട്ടോമൊബൈൽ വ്യവസായം ശുഭാപ്തിവിശ്വാസം പുലർത്തുന്നു. ഈ പ്രവണത 2024ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ നവംബറിലെ ത്രീവീലര്‍ വാഹനങ്ങളുടെ വിതരണം 2017 നവംബറിലെ ഏറ്റവും ഉയര്‍ന്ന വിതരണത്തിന് മാത്രം താഴെയാണ്. അതുപോലെ, കഴിഞ്ഞ മാസത്തെ ഇരുചക്രവാഹന മൊത്തവ്യാപാരവും 2018 നവംബറിൽ കണ്ട ഏറ്റവും ഉയർന്ന നിലവാരത്തെ അപേക്ഷിച്ച് അല്‍പ്പം മാത്രം താഴെയാണ്.