image

14 Jan 2024 9:44 AM GMT

Automobile

ഇന്ത്യയുടെ വാഹന കയറ്റുമതി 21% ഇടിഞ്ഞു

MyFin Desk

21% dip in automobile exports from india in 2023
X

Summary

  • പാസഞ്ചര്‍ വാഹന കയറ്റുമതി വര്‍ധിച്ചു
  • പിവി കയറ്റുമതിയില്‍ മുന്നില്‍ മാരുതി സുസുക്കി
  • ഇരുചക്ര വാഹന കയറ്റുമതിയില്‍ 20% ഇടിവ്


ഇന്ത്യയിൽ നിന്നുള്ള ഓട്ടോമൊബൈൽ കയറ്റുമതി കഴിഞ്ഞ വർഷം 21 ശതമാനം കുറഞ്ഞുവെന്ന് വ്യാവസായിക സംഘടനയായ സിയാം പുറത്തുവിട്ട റിപ്പോര്‍ട്ട്. പല വിദേശ വിപണികളും സാമ്പത്തികവും ഭൗമരാഷ്ട്രീയ പരവുമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നത് തുടരുന്നതാണ് കയറ്റുമതി കുറച്ചത്. മൊത്തത്തിലുള്ള കയറ്റുമതി കഴിഞ്ഞ വർഷം 42,85,809 യൂണിറ്റായിരുന്നു, 2022 ൽ ഇത് 52,04,966 യൂണിറ്റായിരുന്നു.

പാസഞ്ചർ വാഹന കയറ്റുമതി 2022ലെ 6,44,842 യൂണിറ്റിൽ നിന്ന് കഴിഞ്ഞ വർഷം 5 ശതമാനം ഉയർന്ന് 6,77,956 യൂണിറ്റായി.എന്നിരുന്നാലും, വാണിജ്യ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലെ കയറ്റുമതിയിൽ കഴിഞ്ഞ വര്‍ഷം ഇടിവുണ്ടായി.

ഇരുചക്രവാഹന കയറ്റുമതി 2022ൽ 40,53,254 യൂണിറ്റിൽ നിന്ന് 20 ശതമാനം ഇടിഞ്ഞ് 32,43,673 യൂണിറ്റായി. വാണിജ്യ വാഹന കയറ്റുമതി കഴിഞ്ഞ വർഷം 88,305 യൂണിറ്റിൽ നിന്ന് 68,473 യൂണിറ്റായി കുറഞ്ഞു. മുച്ചക്ര വാഹന കയറ്റുമതി 4,17,178 യൂണിറ്റിൽ നിന്ന് 30 ശതമാനം ഇടിഞ്ഞ് 2,91,919 യൂണിറ്റായി.

2023-ൽ ദക്ഷിണാഫ്രിക്ക, ഗൾഫ് മേഖല തുടങ്ങിയ വിപണികളിലെ വാഹന ലോഞ്ചുകളും ഡിമാൻഡ് വർധിച്ചതുമാണ് പാസഞ്ചര്‍ വാഹന കയറ്റുമതിയെ നയിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് സുഗമമായ വിതരണ ശൃംഖലയാണ് ഈ വര്‍ധനയ്ക്ക് ഇടയാക്കിയത്. എന്നിരുന്നാലും, ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വിപണികളി‍ വിദേശനാണ്യ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ പാസഞ്ചർ വാഹന വിഭാഗത്തിലെ കയറ്റുമതിയിൽ മാരുതി സുസുക്കി ഇന്ത്യ മുന്നിലെത്തി. 2,02,786 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ വിറ്റഴിച്ച 1,92,071 യൂണിറ്റുകളില്‍ നിന്ന് 6 ശതമാനം വർധന. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മൂന്നാം പാദത്തിൽ 1,29,755 യൂണിറ്റുകൾ കയറ്റുമതി ചെയ്തു, മുൻ സാമ്പത്തിക വർഷം ഇതേ കാലയളവില്‍ 1,19,099 യൂണിറ്റുകളാണ് കമ്പനി കയറ്റി അയച്ചത്.

കിയ ഇന്ത്യ 47,792 യൂണിറ്റുകൾ കയറ്റുമതി ചെയ്തു; ഫോക്‌സ്‌വാഗൺ 33,872 യൂണിറ്റുകളും നിസ്സാൻ 31,678 യൂണിറ്റുകളും ഹോണ്ട കാര്‍സ് 20,262 യൂണിറ്റുകളും കയറ്റി അയച്ചു.