image

5 Sep 2023 6:45 AM GMT

Industries

ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പന: ഓഗസ്റ്റില്‍ 9 % വളര്‍ച്ച

MyFin Desk

indian automobile sector  | 2 wheeler sales
X

Summary

  • എല്ലാ സെഗ്മെന്റുകളിലുമായി കഴിഞ്ഞമാസം വിറ്റത് 18,18,647 യൂണിറ്റുകള്‍
  • ഇരുചക്രവാഹന വില്‍പ്പന ആറ് ശതമാനം വര്‍ധിച്ച് 12,54,444 യൂണിറ്റിലെത്തി
  • ട്രാക്ടര്‍ വില്‍പ്പനയില്‍ 14 ശതമാനം വര്‍ധന


ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പന ഓഗസ്റ്റില്‍ ഒന്‍പതു ശതമാനം വളര്‍ച്ച കൈവരിച്ചു.യാത്രാ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 18,18,647 യൂണിറ്റ് വിറ്റതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്എഡിഎ) അറിയിച്ചു. മുന്‍വർഷം 16,74,162 യൂണിറ്റായിരുന്നു. പാസഞ്ചര്‍ വാഹന രജിസ്‌ട്രേഷന്‍ 2022 ഓഗസ്റ്റില്‍ 2,95,842 യൂണിറ്റില്‍നിന്ന് ഏഴ് ശതമാനം വര്‍ധിച്ച് 3,15,153 യൂണിറ്റിലെത്തി.

മികച്ച വില്‍പ്പന സ്‌കീമുകളും മെച്ചപ്പെട്ട വാഹന വിതരണംവും തുടങ്ങിയവ വിപണിയെ തുണച്ചതായി എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു.

ഇരുചക്രവാഹന വില്‍പ്പന ആറ് ശതമാനം വര്‍ധിച്ച് 12,54,444 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ഇതേമാസം വില്‍പ്പന ഇത് 11,80,230 യൂണിറ്റുകളായിരുന്നു. വാണിജ്യ വാഹന രജിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 72,940 യൂണിറ്റുകളില്‍ നിന്ന് മൂന്ന് ശതമാനം വര്‍ധന രേഖപ്പെടുത്തി.മൊത്തം 75,294 യൂണിറ്റുകളാണ് ഓഗസ്റ്റില്‍ വിറ്റുപോയത്.

അതേസമയം ഓഗസ്റ്റില്‍ ട്രാക്ടര്‍ വില്‍പ്പന 14 ശതമാനമാണ് വര്‍ധിച്ച് 73,849 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 65,018 യൂണിറ്റായിരുന്നു. ത്രീവീലര്‍ റീട്ടെയില്‍ വില്‍പ്പന 2022 ഓഗസ്റ്റിലെ 60,132 യൂണിറ്റില്‍ നിന്ന് 66 ശതമാനം വര്‍ധിച്ച് 99,907 യൂണിറ്റായി.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം ശുഭാപ്തി വിശ്വാസത്തോടെയാണ് സെപ്റ്റംബറിലേക്ക് പ്രവേശിച്ചിട്ടുള്ളതെന്ന് സിംഘാനിയ പറഞ്ഞു.

ഓണത്തോടെ ആരംഭിച്ച ഉത്സവ സീസണിന്റെ തുടക്കം വിപണി ക്ക് ആവേശം നല്‍കിയിട്ടുണ്ട്. വിതരണ ശൃംഖലയിലെ പല തടസങ്ങളും ലഘൂകരിക്കപ്പെട്ടതും വിപണിക്ക് അനുകൂലമായി. എന്നാല്‍ രാജ്യത്തെ മഴക്കുറവ്, പണപ്പെരുപ്പം തുടങ്ങിയവ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ വിപണിയിലെ ഡിമാന്‍ഡ് കുറയാനുള്ള സാധ്യത യും അദ്ദേഹം കാണുന്നു. എന്നാല്‍ നവരാത്രിയും ദീപാവലിയും വിപണിക്ക് ഊർജം നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.