12 July 2023 11:27 AM GMT
Summary
- എസ്‌യുവികള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്ന സമയത്താണ് സെസ് വര്‍ധിപ്പിച്ചത്
- യൂട്ടിലിറ്റി വാഹനം ഇനി സ്വന്തമാക്കുന്നത് കൂടുതല്‍ ചെലവേറിയതാകും
- 2 ശതമാനമായിരിക്കും വിലയിലുണ്ടാകുന്ന വര്‍ധന
എസ്‌യുവി, എംപിവി (മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) ഉള്‍പ്പെടെയുള്ള വലിയ യൂട്ടിലിറ്റി വാഹനം ഇനി സ്വന്തമാക്കുന്നത് കൂടുതല്‍ ചെലവേറിയതാകും.
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ ജുലൈ 11ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ സെസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണു എസ്‌യുവി, എംപിവി വാഹനങ്ങള്‍ക്ക് വില ഉയരാന്‍ കാരണമാകുന്നത്. 2 ശതമാനമായിരിക്കും വിലയിലുണ്ടാകുന്ന വര്‍ധന.
ഇതുപ്രകാരം മാരുതി സുസുക്കി എര്‍ട്ടിഗ, ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, മാരുതി സുസുക്കി ഇന്‍വിക്ടോ, ടൊയോട്ട ഹൈക്രോസ്, സെല്‍റ്റോസ്, ക്രെറ്റ തുടങ്ങിയ വാഹനങ്ങളൊക്കെ ചിലവേറുമെന്നാണ് റിപ്പോര്‍ട്ട്.
4 മീറ്ററില്‍ കൂടുതല്‍ നീളവും, 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും 1500 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുമുള്ള എല്ലാ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ് ഈടാക്കാനാണ് ഇപ്പോള്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തിരിക്കുന്നത്. കൗണ്‍സിലില്‍ 33 അംഗങ്ങളാണുള്ളത്.
4 മീറ്ററില്‍ കൂടുതല്‍ നീളം, 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സ്, 1500 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റി എന്നിവയുള്ള വാഹനം ഏതു പേരില്‍ അറിയപ്പെട്ടാലും അതിന് 22 സെസ് ബാധകമായിരിക്കും.
എല്ലാ എസ്‌യുവികളും മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങളും 28 ശതമാനം ജിഎസ്ടിയാണ് അടയ്ക്കുന്നത്. യൂട്ടിലിറ്റി വാഹനങ്ങള്‍ അടയ്ക്കുന്ന സെസ് 20 ശതമാനവുമാണ്. ഇത് ഇനിമുതല്‍ 22 ശതമാനമാകുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ അധികം എസ്‌യുവികള്‍ വില്‍പ്പന നടത്തുന്ന സമയത്താണ് സെസ് വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. ഇത് വാഹന വില്‍പ്പനയെ വരും ദിവസങ്ങളില്‍ ദോഷകരമായി ബാധിക്കുമോ എന്നും സംശയമുണ്ട്.
രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തവ്യാപാരം ജൂണ്‍ മാസത്തില്‍ 2 ശതമാനം വര്‍ധിച്ച് 3,27,487 യൂണിറ്റിലെത്തി എന്ന് വ്യാവസായിക സംഘടനയായ സിയാം (SIAM) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
2022 ജൂണില്‍ ഡീലര്‍മാര്‍ക്ക് അയച്ച പാസഞ്ചര്‍ വാഹന യൂണിറ്റുകളുടെ എണ്ണം 3,20,985 യൂണിറ്റുകളാണ്.
ഇരുചക്ര വാഹനങ്ങളുടെ മൊത്ത വില്‍പ്പന 2 ശതമാനം വര്‍ധിച്ച് 13,30,826 യൂണിറ്റുകളില്‍ എത്തി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,08,764 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്. 2022 ജൂണിലെ 26,701 യൂണിറ്റുകളെ അപേക്ഷിച്ച്, ത്രീ-വീലറുകളുടെ മൊത്ത വില്‍പ്പന ഇക്കഴിഞ്ഞ ജൂണില്‍ 53,019 യൂണിറ്റുകളിലേക്ക് ഉയര്‍ന്നു.
ജൂണില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കപ്പെട്ടതാണ് കാര്‍ വില്‍പ്പനയിലും ഇരുചക്ര വാഹന വില്‍പ്പനയിലും വളര്‍ച്ചയ്ക്ക് ഇടയാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖമായ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ (എംആര്‍ടിഐ.എന്‍എസ്) മൊത്തത്തിലുള്ള ആഭ്യന്തര പിവി വില്‍പ്പന ജൂണില്‍ 8.5 ശതമാനം ഉയര്‍ന്ന് 133,027 യൂണിറ്റില്‍ എത്തിയിട്ടുണ്ട്.
സമ്പദ് വ്യവസ്ഥയിലെ സ്വകാര്യ ഉപഭോഗത്തിന്റെ സാഹചര്യം വിലയിരുത്തുന്നതില്‍ ഒരു പ്രധാന സൂചകമായാണ് വാഹന വില്‍പ്പനയുടെ അളവുകള്‍ നിരീക്ഷിക്കപ്പെടുന്നത്.