25 July 2023 9:31 AM GMT
Summary
- റെട്രോ, മെട്രോ, മെട്രോ റിബല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണു ഹണ്ടര്‍ 350 ലഭ്യമാവുന്നത്
- 2022 ഓഗസ്റ്റിലാണ് ഹണ്ടര്‍ 350 ലോഞ്ച് ചെയ്തത്
- വില്‍പ്പന 2 ലക്ഷം യൂണിറ്റുകളിലെത്താന്‍ വെറും അഞ്ച് മാസം മാത്രമാണ് എടുത്തത്
ലോഞ്ച് ചെയ്ത് ഒരു വര്‍ഷം തികയും മുന്‍പ് 2 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് റെക്കോര്‍ഡിട്ടിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350 എന്ന റോഡ്‌സറ്റര്‍ മോഡല്‍.
2022 ഓഗസ്റ്റിലാണ് ഹണ്ടര്‍ 350 ലോഞ്ച് ചെയ്തത്. 2023 ഫെബ്രുവരിയില്‍ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. വില്‍പ്പന 2 ലക്ഷം യൂണിറ്റുകളിലെത്താന്‍ വെറും അഞ്ച് മാസം മാത്രമാണ് എടുത്തതെന്ന് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.
റെട്രോ, മെട്രോ, മെട്രോ റിബല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണു ഹണ്ടര്‍ 350 ലഭ്യമാവുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ബൈക്കുകളില്‍ വച്ച് കുഞ്ഞനാണെങ്കിലും ക്ലാസിക് 350, മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിന്റെ പോലെ 349 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹണ്ടറിന്റേതും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 മോഡല്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എടുക്കുന്ന സമയത്തേക്കാള്‍ 2 സെക്കന്‍ഡ് കുറവ് സമയം മതി ഹണ്ടിറിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 114 കിലോമീറ്ററാണ് പരമാവധി വേഗത. 181 കിലോഗ്രാം ഭാരമാണ് ഹണ്ടറിനുള്ളത്.
റോയല്‍ എന്‍ഫീല്‍ഡ് പുതുതലമുറ മോഡലുകള്‍ക്ക് ഒരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിന്റെ നവീകരിച്ച വേര്‍ഷനാണ് ഹണ്ടര്‍ 350ക്കും ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയ്ക്കു പുറമെ ഇന്‍ഡോനേഷ്യ, ജപ്പാന്‍, കൊറിയ, തായ്‌ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും ഹണ്ടര്‍ 350 കയറ്റുമതി ചെയ്യുന്നുണ്ട്.