25 July 2023 11:39 AM GMT
Summary
- ജൂണ്‍ പാദത്തിലെ വരുമാനം 42.1 ശതമാനം വര്‍ധിച്ച് 1,02,236 കോടി രൂപയായി
- ജെഎല്‍ആറിന് വലിയ രീതിയിലുള്ള ഓര്‍ഡറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
- ടാറ്റാ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ചു
ടാറ്റാ മോട്ടോഴ്‌സിന്റെ ബ്രിട്ടീഷ് വിഭാഗമായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ (JLR) മികച്ച പ്രകടനവും ഇന്ത്യയില്‍ വാണിജ്യ, പാസഞ്ചര്‍ വാഹനങ്ങളുടെ ശക്തമായ വില്‍പ്പനയുടെയും പിന്‍ബലത്തില്‍ ടാറ്റാ മോട്ടോഴ്‌സ് ജൂണ്‍ പാദത്തില്‍ 3,202.80 കോടി രൂപയുടെ ലാഭം (consolidated profit) കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 5,006.60 കോടി രൂപയുടെ നഷ്ടമായിരുന്നു ടാറ്റാ മോട്ടോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷം ജൂണ്‍ പാദത്തിലെ വരുമാനം (Consolidated revenue) 42.1 ശതമാനം വര്‍ധിച്ച് 1,02,236 കോടി രൂപയായെന്നും ബിഎസ്ഇ ഫയലിംഗില്‍ ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. പലിശ,നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 177 ശതമാനം വര്‍ധിച്ച് 14,700 കോടി രൂപയായി.
ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാവായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വരുമാനം ജൂണ്‍ പാദത്തില്‍ 57 ശതമാനം ഉയര്‍ന്ന് 6.9 ബില്യണ്‍ പൗണ്ട് സ്റ്റെര്‍ലിംഗിലെത്തി. 72500 കോടി രൂപ വരുമിത്.
ജുലൈ 25ന് എന്‍എസ്ഇയില്‍ ഇന്‍ട്രാ ഡേ വ്യാപാരത്തിനിടെ ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില 1.6 ശതമാനം വര്‍ധനയോടെ 639.45 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്.