2 July 2023 9:24 AM GMT
Summary
- വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വില്‍പ്പന വര്‍ധിക്കുമെന്ന് കമ്പനി
- ഇവി വില്‍പ്പനയിലും മികച്ച വളര്‍ച്ച
- വാണിജ്യ വാഹനങ്ങളുടെ (സിവി) മൊത്തം വില്‍പ്പനയില്‍ ഇടിവ്
ടാറ്റ മോട്ടോഴ്സ് ജൂണില്‍ മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ ഒരു ശതമാനം വര്‍ധന രേഖപ്പെടുത്തി 80,383 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 79,606 യൂണിറ്റായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 47,235 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷം ഇതേ മാസത്തെ 45,197 യൂണിറ്റുകളെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധനവുണ്ടായതായി ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ യാത്രാവാഹന വ്യവസായം ശക്തമായ ഡിമാന്‍ഡിനാണ് സാക്ഷ്യം വഹിച്ചത്. പ്രത്യേകിച്ച് എസ് യു വി സെക്ഷനിലും ഇവികളിലും അത് പ്രകടമാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.
'ടാറ്റ മോട്ടോഴ്സ് അതിന്റെ വളര്‍ച്ചാ പാത തുടരുകയും ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 1,40,450 യൂണിറ്റുകളുടെ ത്രൈമാസ വില്‍പ്പന രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തേക്കാള്‍ ഇവിടെ എട്ട് ശതമാനം വളര്‍ച്ചയാണ് രെഖപ്പെടുത്തിയത്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവി സെഗ്മെന്റില്‍, കമ്പനി തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വില്‍പ്പനയായ 19,346 യൂണിറ്റുകള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തി. ഇവിടെ 105 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്ന് കണക്കുകള്‍ കാണിക്കുന്നു. ടിയാഗോ ഇവിയോടുള്ള ശക്തമായ വിപണി പ്രതികരണമാണ് ഈ വളര്‍ച്ചയെ നയിക്കുന്നത്, അതേസമയം മറ്റ് ഇവികള്‍ക്കുള്ള ഡിമാന്‍ഡ് നിലനില്‍ക്കുകയും ചെയ്യുന്നു-ചന്ദ്ര പറയുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഉത്സവ സീസണ്‍ ആരംഭിക്കുകയാണ്.അതോടെ ഡിമാന്‍ഡ് കൂടുതല്‍ ശക്തമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അതേസമയം വാണിജ്യ വാഹനങ്ങളുടെ (സിവി) മൊത്തം വില്‍പ്പന എട്ട് ശതമാനം ഇടിഞ്ഞ് 34,314 യൂണിറ്റിലെത്തി, കഴിഞ്ഞ വര്‍ഷം ജൂണില്‍ 37,265 യൂണിറ്റായിരുന്നു വില്‍പ്പന.
2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 82,225 യൂണിറ്റായിരുന്നു, ഇത് 2023 ലെ ഒന്നാം പാദത്തിലെ വില്‍പ്പനയേക്കാള്‍ 14.1 ശതമാനം കുറവാണ്-ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു.