image

13 Jun 2023 8:35 AM GMT

Automobile

പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പനയില്‍ 13.54 % ഉയര്‍ച്ച

MyFin Desk

passenger vehicle sales growth-gfx
X

Summary

  • ടു വീലറുകളുടെ മൊത്ത വില്‍പ്പനയില്‍ 17.42 % വളർച്ച
  • ഗ്രാമങ്ങളിലും നഗരങ്ങളിലും ആവശ്യകത ശക്തം
  • എല്ലാ വിഭാഗങ്ങളിലും ഇരട്ടയക്ക വളര്‍ച്ച


രാജ്യത്ത്, പാസഞ്ചർ വാഹനങ്ങളുടെ മൊത്തവ്യാപാരം മേയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13.54 % വർധിച്ച് 3,34,247 യൂണിറ്റിലെത്തിയെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്‍റെ (സിയാം) റിപ്പോര്‍ട്ട്. സംഘടനയുടെ കൈവശമുള്ള കണക്കുകൾ പ്രകാരം, 2022 മെയ് മാസത്തിൽ മാനുഫാക്ചറര്‍മാരില്‍ നിന്ന് ഡീലർമാരിലേക്ക് അയച്ച പാസഞ്ചര്‍ വാഹന യൂണിറ്റുകളുടെ എണ്ണം 2,94,392 ആണ്.

ഇരുചക്രവാഹനങ്ങളുടെ മൊത്ത വിൽപ്പന മേയില്‍ 14,71,550 യൂണിറ്റായിരുന്നു, കഴിഞ്ഞ വർഷം മേയിൽ രേഖപ്പെടുത്തിയ 12,53,187 യൂണിറ്റ് വില്‍പ്പനയില്‍ നിന്ന് 17.42 % വളർച്ച. അതുപോലെ, 2022 മേയിലെ 28,595 യൂണിറ്റില്‍ നിന്ന് ത്രീ-വീലർ മൊത്തവ്യാപാരം 48,732 യൂണിറ്റിലേക്ക് ഉയർന്നു.എല്ലാ വിഭാഗങ്ങളിലുമായി വിതരണം ചെയ്ത മൊത്തം വാഹന യൂണിറ്റുകളുടെ എണ്ണം 18,08,686 ആണ്. 2022 മെയ് മാസത്തില്‍ ഇത് 15,32,861 യൂണിറ്റുകളാണ്.

"പാസഞ്ചർ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും 2022 മെയ് മാസത്തെ അപേക്ഷിച്ച് 2023 മെയ് മാസത്തിൽ ഇരട്ട അക്കത്തിൽ വളർച്ച രേഖപ്പെടുത്തി. നിലവിലുള്ള അനുകൂല സാമ്പത്തിക അന്തരീക്ഷത്തിന്റെ പിന്തുണയോടെ ഈ പ്രവണത തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," സിയാം പ്രസിഡന്റ് വിനോദ് അഗർവാൾ പറഞ്ഞു.

പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന മേയില്‍ 4.31 ശതമാനം ഉയർന്ന് 2,98,873 യൂണിറ്റിലെത്തിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരുചക്രവാഹനങ്ങളുടെ റീട്ടെയില്‍ വിൽപ്പന 9.32 ശതമാനം വർധിച്ച് 14,93,234 യൂണിറ്റിലെത്തി. ത്രീ വീലറുകളുടെ വിൽപ്പന 78.57% ഉയർന്ന് 79,433 യൂണിറ്റിലെത്തി, അതേസമയം വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 7.19% ഉയർന്ന് 77,135 യൂണിറ്റിലെത്തി. ട്രാക്റ്ററുകളുടെ റീട്ടെയിൽ വില്‍പ്പന 9.63 ശതമാനം ഉയർന്ന് 70,739 യൂണിറ്റിലെത്തി.

ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നുമുള്ള ശക്തമായ ആവശ്യകതയും സെമികണ്ടക്റ്ററുകളുടെ ലഭ്യതയുടെ സാഹചര്യം മെച്ചപ്പെട്ടതും വാഹനങ്ങളുടെ താരതമ്യേന മെച്ചപ്പെട്ട വിതരണവും മേയില്‍ വ്യത്യസ്ത വാഹന വിഭാഗങ്ങളിലുടനീളം ശക്തമായ വില്‍പ്പന പ്രകടമാകുന്നതിന് ഇടയാക്കി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (FADA) കണക്കുകൾ പ്രകാരം, മൊത്തം റീട്ടെയ്‌ൽ വാഹന വില്‍പ്പന മുന്‍ വർഷം മേയിലെ 18,33,421 യൂണിറ്റിൽ നിന്ന് 10.14% വർധിച്ച് 20,19,414 യൂണിറ്റിലെത്തി.