14 July 2023 7:27 AM GMT
ടെസ്‌ലയ്ക്ക് തിരിച്ചടി; നികുതി ഇളവുകള്‍ വേണമെന്ന ആവശ്യം ധനകാര്യമന്ത്രാലയം നിരസിച്ചു
MyFin Desk
Summary
- ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി 100 ശതമാനമാണ്
- 5 ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ടെല്‌സ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു
- ഇന്ത്യ നികുതിയിളവുകള്‍ നല്‍കണമെന്നു ടെസ്‌ല ആവശ്യപ്പെടുന്നുണ്ട്
പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയ്ക്ക് നികുതി ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് ഇന്ത്യയുടെ ധനകാരമന്ത്രാലയം ജുലൈ 13ന് അറിയിച്ചു. റവന്യു സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്‌ലയെ പ്രേരിപ്പിക്കുകയാണെന്നു സിഇഒ ഇലോണ്‍ മസ്‌ക് സമീപകാലത്ത് അവകാശവാദം നടത്തിയിരുന്നു. ഇതിനിടെയാണ് ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ടെസ്‌ല ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മിക്കണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ താല്‍പ്പര്യം. എന്നാല്‍ ആദ്യം ഇന്ത്യന്‍ വിപണിയിലേക്കു ടെസ്‌ല കയറ്റുമതി ചെയ്തതിനു ശേഷം വിപണിയുടെ ഡിമാന്‍ഡ് അറിയുമ്പോള്‍ നിര്‍മാണയൂണിറ്റ് ഇന്ത്യയില്‍ ആരംഭിക്കാമെന്നാണ് ടെസ്‌ല പറയുന്നത്. ഇതിനായി ഇന്ത്യ നികുതിയിളവുകള്‍ നല്‍കണമെന്നും ടെസ്‌ല ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചുമത്തുന്ന നികുതി 100 ശതമാനമാണ്.
ഈ വര്‍ഷം മേയ് മാസത്തില്‍ ടെസ്‌ല സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതോടെ ഇന്ത്യയില്‍ ടെസ്‌ല പ്ലാന്റ് സ്ഥാപിക്കുകയാണെന്ന വാര്‍ത്തയും പ്രചരിക്കാന്‍ തുടങ്ങി. പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ടെല്‌സ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിലും റിപ്പോര്‍ട്ട് വന്നിരുന്നു.