image

5 July 2023 10:36 AM GMT

Automobile

സംയുക്ത സംരംഭം ട്രെന്‍ഡാകുന്നു; മാരുതി-ടൊയോട്ട കൂട്ടുകെട്ടില്‍ ' ഇന്‍വിക്‌റ്റോ ' ലോഞ്ച് ചെയ്തു

MyFin Desk

maruti-toyota invicto
X

Summary

  • മജസ്റ്റിക് സില്‍വര്‍, സ്റ്റെല്ലാര്‍ ബ്രോണ്‍സ്, നെക്‌സ ബ്ലൂ, മിസ്റ്റിക് വൈറ്റ് നിറങ്ങളില്‍ വാഹനം ലഭ്യമാണ്
  • 23.24 കിലോമീറ്റര്‍ മൈലേജാണു ഓഫര്‍ ചെയ്യുന്നത്
  • വാഹനത്തിന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു


സംയുക്ത സംരംഭത്തോടെ പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്ന ട്രെന്‍ഡിനാണ് ഇപ്പോള്‍ വാഹന വിപണി സാക്ഷ്യംവഹിക്കുന്നത്.

ഹീറോ മോട്ടോ കോര്‍പ്പും അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണും ചേര്‍ന്ന് എക്‌സ്440 എന്ന ബൈക്ക് ജുലൈ മൂന്നിന് പുറത്തിറക്കി. ബ്രിട്ടീഷ് കമ്പനി ട്രയംഫും ബജാജും ചേര്‍ന്ന് രണ്ട് ബൈക്കുകള്‍ ജുലൈ 5-ന് പുറത്തിറക്കി.

ഫോര്‍ വീലറിന്റെ കാര്യത്തില്‍ മാരുതി സുസുക്കി ടൊയോട്ടയുമായി സഹകരിച്ച് ഇന്‍വിക്‌റ്റോ എന്ന എംപിവി പുറത്തിറക്കിയിരിക്കുകയാണ്.

മാരുതി സുസുക്കി പുറത്തിറക്കുന്ന കാറുകളില്‍ വച്ച് ഏറ്റവും ചെലവേറിയ കാറെന്ന പ്രത്യേകതയുമായിട്ടാണ് ജുലൈ 5-ന് ഇന്‍വിക്‌റ്റോ വിപണിയിലെത്തിയിരിക്കുന്നത്. 24.79 ലക്ഷം രൂപയാണ് ഇന്‍വിക്‌റ്റോയുടെ ബേസ് മോഡലിന്റെ എക്‌സ് ഷോറൂം വില. ടോപ് വേരിയന്റിന് വില 28.42 ലക്ഷം രൂപയുമാണ്.

മൂന്ന് വേരിയന്റുകളിലാണ് ഇന്‍വിക്‌റ്റോ വിപണിയിലെത്തിയിരിക്കുന്നത്.

ഏഴ് സീറ്റുകളുള്ള സീറ്റ പ്ലസ്, എട്ട് സീറ്റുകളുള്ള സീറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നിങ്ങനെയാണ് മൂന്ന് വേരിയന്റുകള്‍.

ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയാണു വാഹനം നിര്‍മിച്ചിരിക്കുന്നത്. എങ്കിലും ചില്ലറ മാറ്റങ്ങള്‍ ഇന്‍വിക്‌റ്റോയിലുണ്ട്. ഇന്നോവ ഹൈക്രോസിലെ ഹൈബ്രിഡ് എന്‍ജിന്‍ മാത്രമാണ് ഇന്‍വിക്‌റ്റോയിലുണ്ടാവുക.

നെക്‌സ ഷോറൂമുകളിലൂടെയായിരിക്കും ഇന്‍വിക്‌റ്റോ വില്‍പ്പന നടത്തുന്നത്. വാഹനത്തിന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

ഹൈബ്രിഡ് എന്‍ജിനാണ് ഇന്‍വിക്‌റ്റോയുടേത്. ഇ-കോള്‍ (E-call) ഉള്‍പ്പെടെ 50-ലധികം കണക്റ്റഡ് ഫീച്ചറുകളുള്ള ഇന്‍വിക്‌റ്റോയില്‍ പനോരമിക് സണ്‍റൂഫ്, വലിയ മള്‍ട്ടി ഇന്‍ഫോ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിങ് വീല്‍ എന്നിവയുണ്ട്. ആറ് എയര്‍ ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടിപിഎംഎസ്(ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), 360 ഡിഗ്രി കാമറ എന്നിവയും ഇന്‍വിക്‌റ്റോയിലുണ്ട്.

ഷാംപെയ്ന്‍ ഗോള്‍ഡ് ആക്‌സെന്റുള്ള ബ്ലാക്ക് തീമിലുള്ള ഇന്റീരിയറാണ് ഈ വാഹനത്തിന്റേത്. ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറിലുള്ളതു പോലെ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് ഇന്‍വിക്‌റ്റോയുടേത്. ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ് ഇത്.

23.24 കിലോമീറ്റര്‍ മൈലേജാണു ഇന്‍വിക്‌റ്റോ ഓഫര്‍ ചെയ്യുന്നത്. ഇന്നോവ ഹൈക്രോസിന്റെ മൈലേജ് 21.1 കിലോമീറ്ററാണ്.

2.0 ടിഎന്‍ജിഎ ഇന്‍ലൈന്‍ VVTi 4 സിലിണ്ടര്‍ പവര്‍ഫുള്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ഇന്‍വിക്‌റ്റോയുടേത്.

പ്രീമിയം എംപിവിക്ക് 239 ലിറ്ററിന്റെ ബൂട്ട് സ്‌പേസാണുള്ളത്. ഇത് മൂന്നാമത്തെ സീറ്റിംഗ് വരി മടക്കിവച്ചാല്‍ 690 ലിറ്റര്‍ വരെ വികസിപ്പിക്കാനാവും.

ഒരു എസ്‌യുവിയുടെ സ്‌റ്റൈലിഷ് ഡിസൈനും ഒരു എംപിവിയുടെ (മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) പ്രായോഗികതയും സമന്വയിക്കുന്നതാണ് ഇന്‍വിക്‌റ്റോയെന്നു മാരുതി സുസുക്കി അവകാശപ്പെടുന്നു.

4,755 എംഎം നീളവും, 1,850 എംഎം വീതിയും 1,795 എംഎം ഉയരവുമുണ്ട് ഇന്‍വിക്‌റ്റോയ്ക്ക്.

മജസ്റ്റിക് സില്‍വര്‍, സ്റ്റെല്ലാര്‍ ബ്രോണ്‍സ്, നെക്‌സ ബ്ലൂ, മിസ്റ്റിക് വൈറ്റ് എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളില്‍ ഈ വാഹനം ലഭ്യമാണ്.

വിപണിയില്‍ മൂന്ന് നിര സീറ്റുകളുള്ള മഹീന്ദ്ര എക്‌സ്‌യുവി700, ഹ്യുണ്ടായ് അല്‍കാസര്‍, എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി എന്നിവയായിരിക്കും ഇനി ഇന്‍വിക്‌റ്റോയുടെ എതിരാളികള്‍. മാരുതി സുസുക്കിയുടെ ടൊയോട്ടയുമായുള്ള സഹകരണം ദീര്‍ഘകാലത്തേയ്ക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതികവിദ്യയും, സെല്‍ഫ് ഡ്രൈവിംഗും ഉള്‍പ്പെടെയുള്ള പുതിയ മേഖലകളില്‍ ഇരുകമ്പനികളും സഹകരണം സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ മുന്‍നിര കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കി ഈ വര്‍ഷം ജൂണില്‍ ആഭ്യന്തരതലത്തില്‍ പാസഞ്ചര്‍ വെഹിക്കിളുകളുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ 8.5 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്. 1,33,027 യൂണിറ്റുകള്‍ വിറ്റഴിച്ചു. കമ്പനിയുടെ യൂട്ടിലിറ്റി വാഹന വില്‍പ്പന ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയിലധികമായി.