14 Aug 2023 9:15 AM GMT
Summary
- പനോരാമിക് സണ്‍റൂഫ് വോയിസ് കമാണ്ടോടുകൂടി പ്രവര്‍ത്തിപ്പിക്കാം
- ഒറ്റ നോട്ടത്തില്‍ തന്നെ ആരുമൊന്നു നോക്കിപ്പോകും വിധമുള്ള ഡിസൈന്‍ ഭാഷ
- ഏഴ് എയര്‍ബാഗുകളാണ് അറ്റോ 3യില്‍ നല്‍കിയിരിക്കുന്നത്
ചൈനീസ് കാര്‍ നിര്‍മാതാക്കളും ഇലക്ട്രിക് വാഹന സ്പെഷ്യലിസ്റ്റുമായ ബിവൈഡി ഓട്ടോ കോ ഇന്തയിലെത്തിച്ച ആദ്യത്തെ എസ്‌യുവിയാണ് ബിവൈഡി അറ്റോ 3. നിരവധി സവിശേഷതകളോടെ എത്തിയിട്ടുള്ള അറ്റോയെ ജിജ്ഞാസയോടെയാണ് ഇന്ത്യന്‍ വാഹന പ്രേമികള്‍ നോക്കിക്കണ്ടത്. കാരണം, ഇലക്ട്രിക വാഹനമേഖലയില്‍ സാങ്കേതികമായും ധനകാര്യപരമായും ബുദ്ധിപരമായും നിക്ഷേപം നടത്തിയിട്ടുള്ള കമ്പനിയാണ് ബിവൈഡി. അവരില്‍നിന്നു വാഹന പ്രേമികള്‍ പ്രതീക്ഷിക്കുന്നത് അത്തരത്തിലുള്ള ഒരു ഉയര്‍ന്ന പ്രോഡകട് തന്നെയായിരിക്കും. കമ്പനി നിരാശപ്പെടുത്തിയില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.
അറ്റോ 3ന്റെ പുറം സവിശേഷതകള്‍
വളരെ മനോഹരമായ ഡിസൈന്‍. ഒറ്റ നോട്ടത്തില്‍ തന്നെ ആരുമൊന്നു നോക്കിപ്പോകും വിധമുള്ള ഡിസൈന്‍ ഭാഷ. ചില ജര്‍മന്‍ നിര്‍മിത കോണ്‍സെപ്റ്റ് കാറുകളെ വെല്ലുന്ന രൂപകല്‍പ്പന.
ബിവൈഡി അറ്റോ 3-നെക്കുറിച്ച് ബിവൈഡി തന്നെ പറയുന്നത് കേള്‍ക്കുക. സ്പീഡ്, എനര്‍ജി, ഡയനാമിക്സ് എന്നീ മൂന്ന് കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് അറ്റോ 3-ന്റെ പുറംഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍ഭാഗത്തെ സ്‌റ്റൈലിഷ് ഗ്രില്‍, മനോഹരമായ കണ്ണുകളുടെ രൂപഭംഗിയുള്ള ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ തുടങ്ങിയവ അറ്റൊ 3-ന് പുതിയ മുഖം നല്‍കുന്നു. അഗ്രസീവ് ആയിട്ട് രൂപകല്പന ചെയ്തിരിക്കുന്നു പിന്‍ഭാഗം. റിയര്‍ ഗ്ലാസിന്റെ താഴെ ബില്‍ഡ് യുവര്‍ ഡ്രീംസ് എന്ന് വലുതായിട്ട് കൊടുത്തിരിക്കുന്നു. മുന്നിലും പിന്നിലും നീളമുള്ള വരപോലെ ഡിസൈന്‍ ചെയ്തിട്ടുള്ള എല്‍ഇഡി ലൈറ്റുകള്‍ വാഹനത്തിന്റെ ഡിസൈന്‍ അനുഭവം കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പതിനെട്ട് ഇഞ്ച് ഡൈമണ്ട് കട്ട് അലോയ് വീലുകളാണ് അട്ടോ 3യ്ക്ക്. ചുരുക്കി പറഞ്ഞാല്‍ ആരും ഒന്ന് നോക്കി നിന്ന് പോകും.
അകത്തള വിശേഷങ്ങള്‍
കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളോട് കിടപിടിക്കുന്ന ഇന്റീരിയര്‍ ആണ് അറ്റോ 3യില്‍ കാണാനാകുക. ജിം ആന്‍ഡ് മ്യൂസിക് ഇന്റീരിയര്‍ എന്നാണ് ബിവൈഡി തന്നെ ഇതിനെ വിളിക്കുന്നത്. ഭംഗിയുള്ള സെന്റര്‍ കണ്‍സോള്‍, അതിന്റെ നടുക്ക് തന്നെ വെര്‍ട്ടിക്കല്‍ ആയിട്ട് റൊട്ടേറ്റ് ചെയ്യാന്‍ സാധിക്കുന്ന 12.8 ഇഞ്ച് ഡിസ്പ്ലേ. ഈ സ്‌ക്രീനില്‍ 360 ഡിഗ്രി കാമറാ കാണിക്കുന്ന ദൃശ്യങ്ങള്‍ മുതല്‍ അറ്റോയുടെ ബാറ്ററി വിവരങ്ങള്‍ വരെ ലഭ്യമാണ്. പറഞ്ഞു തുടങ്ങിയാല്‍ ഒരിക്കലും തീരാത്ത വിധത്തിലുള്ള കണക്ടെഡ് ഫീച്ചറുകളാണ് അറ്റോയുടെ സെന്റര്‍ സ്‌ക്രീനില്‍ ഉള്ളത്. ഏ സി വെന്റുകള്‍ ജിമ്മില്‍ കാണുന്ന ഡംബെല്‍ രൂപത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നു. വിശാലമായ സീറ്റിംഗ് പൊസിഷന്‍ മുന്വശത്തിരിക്കുന്നവര്‍ക്ക് സുഖം നല്‍കുന്നു. മുന്നിലുള്ള ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍ ഇലക്ട്രിക്ക് ആയി അഡ്ജസ്റ്റ് ചെയ്യാം. അതി മനോഹരമാണ് മ്യൂസിക് സിസ്റ്റം. മെഴ്‌സിഡീസ് ബെന്‍സില്‍ ഉള്ള ബര്‍മെസ്റ്റര്‍ ഓഡിയോ സിസ്റ്റം തരുന്ന സുഖമാണിതിന്.
പുറകിലെ സീറ്റിംഗും വളരെ സുഖകരമായ വിധത്തിലാണ് തയാറാക്കിയിട്ടുള്ളത്. രണ്ടു പേര്‍ക്ക് സുഖമായിട്ടിരിക്കാം. മുകളിലെ വലിപ്പമുള്ള പനോരാമിക് സണ്‍റൂഫ് വോയിസ് കമാണ്ടോടുകൂടി പ്രവര്‍ത്തിപ്പിക്കാം. ഏഴ് എയര്‍ബാഗുകളാണ് അറ്റോ 3യില്‍ നല്‍കിയിരിക്കുന്നത്.
ഡ്രൈവിംഗ് അനുഭവം
അറ്റോ 3യിലുള്ളത് 60.48 കെ ഡബ്‌ള്യു എച്ച് കപ്പാസിറ്റിയുള്ള ബ്ലേഡ് ബാറ്ററിയാണ്. പവര്‍ ഔട്ട്പുട്ട് 200 ബിഎച്ച്പി ആണ്. ഇതേ ബാറ്ററി തന്നെയാണ് ടെസ്്‌ലയുടെ മോഡല്‍ 'വയ്യ' യിലും ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 480 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും.
വൈറ്റിലയിലെ ബിവൈഡി ഷോറൂമില്‍നിന്ന് വാഹനവുമായി നേരെ പോയത് പനമ്പള്ളി നഗറിലേക്കാണ്. വാഹനത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍. അവിടുന്ന് വരാപ്പുഴയിലേക്ക് ഡ്രൈവ് ചെയ്തു. മോശമല്ലാത്ത ദൂരം ഓടിക്കുവാന്‍ സാധിച്ചു. സാധാരണ ഒരു ഇലക്ട്രിക്ക് കാര്‍ ഓടിക്കുന്നതിനെ അപേക്ഷിച്ച് നല്ലൊരു. ഡ്രൈവിംഗ് അനുഭവമാണ് അറ്റോ 3 തന്നതെന്ന് പറയാതെ വയ്യ. നല്ല സ്റ്റിയറിംഗ് ഫീഡ്ബാക്ക് ലഭിക്കാന്‍ പറ്റി. അറ്റോ 3ന്റെ എടുത്തു പറയണ്ട ഒരു കാര്യമാണ് വാഹനത്തിന്റെ സസ്‌പെന്ഷന്‍. കുണ്ടും കുഴിയും തണ്ടുന്നത് വണ്ടിയിലിരിക്കുന്നവര്‍ അറിയുകയേയില്ലാത്ത രീതിയില്‍ ഉള്ള ഡാംപനിംഗ് ആണ് തരുന്നത്. നല്ലൊരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആയതിനാല്‍ ഒടിക്കിന്നതിനിടയില്‍ ലാഗ് പോലുള്ള കാര്യങ്ങള്‍ ഇല്ലായിരുന്നു.
ആക്സിലറേറ്ററില്‍ കാലു കൊടുക്കുമ്പോള്‍ തന്നെ വാഹനത്തിന്റെ പവര്‍ നമുക്ക് അനുഭവപ്പെടും. പൂജ്യത്തില്‍ നിന്ന് നൂറില്‍ എതാന്‍ വെറും 7 സെക്കന്‍ഡ് മതി. ആയാസമില്ലാതെ കൂളായി വാഹനം ഓടിക്കാം. വളരെ ചെറിയ സമയത്തിനുള്ളില്‍തന്നെ വാഹനത്തിനു വേഗം നേടാനാകും. ട്രാഫിക്കില്‍ തൊട്ടടുത്ത വാഹനവും നമ്മളും തമ്മിലുള്ള ദൂരം അറിയാനും അതിനനുസരിച്ചു വണ്ടി നീക്കാനും 360 ഡിഗ്രി കാമറകളും വൈഡ് ആയി ഘടിപ്പിച്ച സെന്‍സറുകളും നമ്മെ സഹായിക്കുന്നു ഇപ്പോള്‍ വരുന്ന വാഹനങ്ങളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ സേഫ്റ്റി ഫീച്ചറുകളും എഡിഎസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം)സംവിധാനങ്ങളും അറ്റോ 3ല്‍ ലഭ്യമാണ്.
വൈകുന്നേരമാണ് ടെസ്റ്റ് ഡ്രൈവിനായി വണ്ടി എടുത്തത്. ഡ്രൈവ് കണ്ടെയ്നര്‍ റോഡിലൂടെയായിരുന്നതിനാല്‍ സൂര്യാസ്തമന ഭംഗിയ ആസ്വദിക്കാന്‍ പറ്റി. അതിമനോഹരമായ ഒരു അനുഭവം തന്നെ.
വിധി തീര്‍പ്പ്
ബിവൈഡി അറ്റോ 3യുടെ ഓണ്‍ റോഡ് വില 37 ലക്ഷം രൂപയാണ്.
വാഹനത്തിന്റെ വാഹനത്തിന്റെ നീളം 4,455 എംഎമ്മും വീതി 1,875 എംഎമ്മും ആണ്. ഹ്യൂണ്ടായ് കോന, എംജിയുടെ സി എസ് ഇവി എന്നിവയേക്കാള്‍ വലിയ വാഹനമാണ് അറ്റോ 3.ൗ രണ്ടു വാഹനങ്ങളെക്കാള്‍ അത്യാധുനിക ഫീച്ചറുകള്‍ അറ്റോ 3-ലുണ്ട്. ഒരു ഓള്‍ റൗണ്ടര്‍ ഇലക്ട്രിക്ക് വാഹനം ആഗ്രഹിക്കുന്നയാള്‍ക്ക് തീര്‍ച്ചയായും അറ്റോ 3 ഇഷ്ടപ്പെടുമെന്നതില്‍ സംശയമില്ല.
ടെസ്റ്റ് ഡ്രൈവിംഗിന് കടപ്പാട്: ബിവൈഡി സൗത്ത്‌കോസ്റ്റ് ഇവിഎം, വൈറ്റില, കൊച്ചി. ഫോണ്‍: 9778419170