12 July 2023 7:29 AM GMT
Summary
- ജൂണില്‍ പുതിയ മോഡലുകള്‍ വിപണിയിലെത്തി
- ത്രീ വീലറുകളുടെ വില്‍പ്പന ഇരട്ടിയായി
രാജ്യത്തെ പാസഞ്ചർ വാഹനങ്ങളുടെ മൊത്തവ്യാപാരം ജൂൺ മാസത്തിൽ 2 ശതമാനം വർധിച്ച് 3,27,487 യൂണിറ്റിലെത്തി എന്ന് വ്യാവസായിക സംഘടനയായ സിയാം (SIAM) പുറത്തുവിട്ട റിപ്പോര്‍ട്ട്. 2022 ജൂണിൽ ഡീലർമാർക്ക് അയച്ച പാസഞ്ചർ വാഹന യൂണിറ്റുകളുടെ എണ്ണം 3,20,985 യൂണിറ്റുകളാണ്.
ഇരുചക്ര വാഹനങ്ങളുടെ മൊത്ത വിൽപ്പന 2 ശതമാനം വർധിച്ച് 13,30,826 യൂണിറ്റുകളില്‍ എത്തി, മുൻ വർഷം ഇതേ കാലയളവിൽ ഇത് 13,08,764 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്. 2022 ജൂണിലെ 26,701 യൂണിറ്റുകളെ അപേക്ഷിച്ച്, ത്രീ-വീലറുകളുടെ മൊത്ത വിൽപ്പന ഇക്കഴിഞ്ഞ ജൂണിൽ 53,019 യൂണിറ്റുകളിലേക്ക് ഉയര്‍ന്നു.
ജൂണില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കപ്പെട്ടതാണ് കാര്‍ വില്‍പ്പനയിലും ഇരുചക്ര വാഹന വില്‍പ്പനയിലും വളര്‍ച്ചയ്ക്ക് ഇടയാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖമായ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ (എംആർടിഐ.എൻഎസ്) മൊത്തത്തിലുള്ള ആഭ്യന്തര പിവി വിൽപ്പന ജൂണില്‍ 8.5 ശതമാനം ഉയർന്ന് 133,027 യൂണിറ്റില്‍ എത്തിയിട്ടുണ്ട്.
സമ്പദ് വ്യവസ്ഥയിലെ സ്വകാര്യ ഉപഭോഗത്തിന്‍റെ സാഹചര്യം വിലയിരുത്തുന്നതില്‍ ഒരു പ്രധാന സൂചകമായാണ് വാഹന വിൽപ്പനയുടെ അളവുകള്‍ നിരീക്ഷിക്കപ്പെടുന്നത്.