image

13 Aug 2023 11:31 AM GMT

Automobile

ഉല്‍സവ സീസണിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 10 ലക്ഷം കടക്കും

MyFin Desk

passenger vehicle sales in Ulsava season will cross 10 lakhs
X

Summary

  • ഒരു വർഷത്തെ മൊത്തം വിൽപ്പനയുടെ 22-25% ഉത്സവ സീസണില്‍
  • മണ്‍സൂണ്‍ മഴ വില്‍പ്പനയില്‍ നിര്‍ണായകം


ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന ഈ വർഷം ഉത്സവ സീസണില്‍ 10 ലക്ഷം യൂണിറ്റുകള്‍ക്ക് മുകളിലേക്ക് എത്തുമെന്ന് വിലയിരുത്തല്‍. ഈ വർഷം ഓഗസ്റ്റ് 17 നും നവംബർ 14 നും ഇടയിലുളള 68 ദിവസങ്ങളാണ് ഉത്സവ സീസണായി കണക്കാക്കുന്നത്. യൂട്ടിലിറ്റി വാഹനങ്ങൾക്ക് ശക്തമായ ആവശ്യകതയയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇതും ഉല്‍സവ സീസണിലെ വില്‍പ്പന വളര്‍ച്ചയില്‍ പ്രതിഫവിക്കും.

സാധാരണയായി ഒരു വർഷത്തെ മൊത്തം വിൽപ്പനയുടെ 22-26 ശതമാനം ഉത്സവ സീസണിലെ വിൽപ്പനയാണെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറയുന്നു. ഈ സാമ്പത്തിക വർഷം മൊത്തത്തില്‍ പാസഞ്ചർ വാഹന വിൽപ്പന 40 ലക്ഷം യൂണിറ്റിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള വിൽപ്പനയുടെ കണക്കെടുത്താല്‍ ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ എക്കാലത്തെയും മികച്ച വിൽപ്പനയാണ് ഞങ്ങൾ കണ്ടത്. ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ വിൽപ്പന ജൂലൈയിൽ ഉണ്ടായി. ഏകദേശം 3.52 ലക്ഷം യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത് ," ശ്രീവാസ്തവ പറഞ്ഞു.

ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മണ്‍സൂണ്‍ എങ്ങനെ മുന്നേറുമെന്നതും കാര്‍ വില്‍പ്പനയെ സംബന്ധിച്ച് പ്രധാനമാണ്. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയാണ് ഗ്രാമീണ മേഖലയിലെ ആവശ്യകതയെയും വരുമാനത്തെയും ബാധിക്കുന്ന നിര്‍ണായക ഘടനം. 83 ശതമാനം ഉപഭോക്താക്കളും കാറുകൾ വാങ്ങാൻ വായ്പകളുടെ സഹായം തേടാറുണ്ട് എന്നതിനാല്‍ ഉയര്‍ന്ന പലിശ നിരക്ക് ആശങ്കയായി മുന്നിലുണ്ടെനനും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഉല്‍സവ സീസണിലെ വില്‍പ്പനയില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്ന് ഓട്ടോമൊബൈൽ ഡീലർമാരുടെ സംഘടന എഫ്എഡിഎ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, എൻട്രി ലെവൽ കാറുകളുടെ വില്‍പ്പനയില്‍ മാന്ദ്യം തുടരുന്നുവെന്നും, ഓഗസ്റ്റിൽ ശരാശരിയിലും താഴെയുള്ള മഴയാണ് ഉണ്ടാകുക എന്ന നിരീക്ഷണം വലിയ ആശങ്കയാണെന്നും എഫ്എഡിഎ ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 15,000 ഓട്ടോമൊബൈൽ ഡീലർമാര്‍ സംഘടനയുടെ ഭാഗമാണ്.